ജില്ലയില്‍ സിപിഎം വിഭാഗീയത വീണ്ടും കത്തുന്നു

Tuesday 8 December 2015 10:50 pm IST

കൊച്ചി: ജില്ലയില്‍ സിപിഎം വിഭാഗീയത വീണ്ടും കത്തുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ഒരുപരിധിവരെ ശമിച്ചിരുന്ന വിഭാഗീയതായാണ് ഇപ്പോള്‍ വീണ്ടും രൂക്ഷമായികൊണ്ടിരിക്കുന്നത്. എറണാകുളം ഏരിയാ സമ്മേളനത്തില്‍ വെട്ടിനിരത്തലിനിരയായ രണ്ട് വിഎസ് പക്ഷ നേതാക്കള്‍ ഔദ്യോഗിക പക്ഷം പ്രതികാര നടപടി തുടരുന്നതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. ഏരിയാ സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ട കെ.വി. മനോജ്, സോജന്‍ ആന്റണി എന്നിവരാണ് സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. ജില്ലയിലെ ഒരു പ്രമുഖ വിഎസ് പക്ഷ നേതാവ് മുഖേനയാണ് ഇവരുടെ പരാതി കൈമാറിയത്. ഏരിയാ സമ്മേളനത്തില്‍ തോറ്റ എട്ടു പേരില്‍ നാല് പേരെ ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. എറണാകുളം മുന്‍ ഏരിയാ സെക്രട്ടറിയും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എസ.് രമേശന്‍, കലൂര്‍ ലോക്കല്‍ സെക്രട്ടറി സി. മണി, വല്ലാര്‍പാടം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. മധുസൂദനന്‍ എന്നിവരെയാണ് ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്കൊപ്പം കെ.വി. മനോജിനെയും സോജന്‍ ആന്റണിയെയും ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ അനേ്വഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബിനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.വി മനോജിനെയും സോജന്‍ ആന്റണിയെയും തിരിച്ചെടുക്കാന്‍ പാര്‍ട്ടി നേതൃത്വം വിസമ്മതിക്കുകയായിരുന്നു. ഈ ആരോപണം നിഷേധിച്ചുകൊണ്ടാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ ഇരുവരും പരാതി നല്‍കിയിരിക്കുന്നത്. വിഎസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മറ്റിയും എറണാകുളം ഏരിയാ കമ്മറ്റിയും ഔദ്യോഗിക വിഭാഗം ആസൂത്രിതമായി പിടിച്ചെടുക്കുകയായിരുന്നു. ഏരിയാ കമ്മറ്റി അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ ഒമ്പത് പേര്‍ മത്സരിക്കുകയും ഇതില്‍ എട്ടു പേരും വിജയിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് അനേ്വഷിച്ച സംസ്ഥാന കമ്മറ്റി അംഗം സി.എന്‍. മോഹനന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ വോട്ടെടുപ്പില്‍ തോറ്റ എട്ടുപേരില്‍ ആറ് പേരെ തിരിച്ചെടുക്കാനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ ജില്ലാ കമ്മറ്റിക്ക് മുന്നില്‍ വന്നതോടെ കെ.വി. മനോജ്, സോജന്‍ ആന്റണി എന്നിവരുടെ കാര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ലയില്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.