മിഷന്‍ നേതാജിയില്‍ കൊല്ലത്തിന്റെ പങ്ക് വിവരിച്ച് ശ്രീജിത് പണിക്കര്‍

Wednesday 9 December 2015 10:49 am IST

കൊല്ലം: കൊല്ലം സ്വദേശിയായ ഐഎന്‍എ ഭടന്റെ പുസ്തകമാണ് മിഷന്‍ നേതാജി ദൗത്യത്തിലേക്ക് തന്നെ എത്തിച്ചതെന്ന് പന്തളം സ്വദേശി ശ്രീജിത് പണിക്കര്‍. നേതാജിയുടെ ആരാധകനായ എന്‍.പി.നായര്‍ എഴുതിയ ആ പുസ്തകത്തിന്റെ പേര് അന്വര്‍ത്ഥമാണ്. നേതാജി എവിടെ. ആ ചോദ്യം ആയിരം തവണ മനസില്‍ കൗമാരകാലത്ത് ചോദിച്ചിട്ടുണ്ട്. ഉത്തരം മാത്രം ലഭിച്ചില്ല. കൊല്ലം എസ്എന്‍ കോളജില്‍ ചരിത്രവിഭാഗം സംഘടിപ്പിച്ച ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായ പുസ്തകങ്ങളെല്ലാം വായിച്ചു. ഏറ്റവുമൊടുവില്‍ വിവരസാങ്കേതിരംഗത്തെ സാധ്യതകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് നേതാജിയുടെ തിരോധാനത്തെപറ്റി പഠിക്കുന്ന അനൂജ്ധാര്‍ അംഗമായ യാഹൂ ഗ്രൂപ്പിലേക്ക് എത്തുന്നത്. മൂന്നൂറുപേര്‍ ചേര്‍ന്ന ഈ ഗ്രൂപ്പില്‍ നേതാജിയുമായി ബന്ധപ്പെട്ട വിശകലനങ്ങളും സാധ്യതകളും രാഷ്ട്രീയവും വിദേശബന്ധവും ജീവിതവുമെല്ലാം ചര്‍ച്ചയായി. ഒടുവില്‍ ചര്‍ച്ചകള്‍ കൊണ്ടുമാത്രം കാര്യമില്ല, ദൗത്യം നിറവേറാന്‍ നേതാജിയുമായി ബന്ധപ്പെട്ടവരിലേക്ക് ഇറങ്ങിചെല്ലുകയാണ് വേണ്ടതെന്ന് വന്നപ്പോള്‍ ഗ്രൂപ്പിലെ അഞ്ച് പേര്‍മാത്രമാണ് മുന്നില്‍വന്നത്. ഈ അഞ്ചുപേരുടെയും അനുകൂലഘടകം അവരുടെ ചെറുപ്പമായിരുന്നു. പത്രപ്രവര്‍ത്തകനായ അനൂജ്ധറിനും തൊഴില്‍രഹിതനായ എനിക്കും പുറമെ റവന്യൂ അനലിസ്റ്റായ സായന്ത് ദാസ് ഗുപ്തയും ബിസിനസ് കണ്‍സള്‍ട്ടന്റായ ചന്ദ്രചൂര്‍ഘോഷും അധ്യാപകനായ വിശാല്‍ശര്‍മയുമാണ് അംഗങ്ങള്‍. അന്വേഷണത്തിന്റെ പാതയില്‍ തങ്ങള്‍ക്ക് ഏറ്റവും ഗുണകരമായി ഭവിച്ചത് വിവരാവകാശനിയമമാണ്. ക്ലാസിഫൈ ചെയ്ത ലിസ്റ്റില്‍പെട്ട ഫയലുകളിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വകുപ്പുകളില്‍ നിന്നു ലഭിച്ച മറുപടി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നേതാജിയെ പറ്റി ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ളതായി വെളിപ്പെട്ടപ്പോള്‍ മൊത്തം ഫയലുകളുടെ എണ്ണമാണ് ഞങ്ങള്‍ വിവരാവകാശപ്രകാരം ചോദിച്ചത്. അതിന്‍പ്രകാരം 58 ഫയലുകളെന്ന് മറുപടി ലഭിച്ചു. ഇതു കൂടാതെ നിയമപരിധിയില്‍പെടാത്ത ഇന്റലിജന്‍സ് ബ്യൂറോയില്‍ 77 ഫയലുകളും റോയില്‍ ഒരുഫയലുമുണ്ടെന്നാണ് വിവരം. ഇതെല്ലാം പുറത്തായാല്‍ മാത്രമെ നേതാജിയെപറ്റിയുള്ള ദുരൂഹത മാറുവെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പി.ആര്‍.ജയചന്ദ്രന്‍ സ്വാഗതവും ഋഷി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.