ട്രാഫിക് പരിഷ്‌കരണം വഴിപാടായി പട്ടണം വീണ്ടും ഗതാഗതക്കുരുക്കില്‍

Wednesday 9 December 2015 10:50 am IST

പത്തനാപുരം: ട്രാഫിക് പരിഷ്‌കരണം വഴിപാടായി മാറിയതോടെ പട്ടണം ഗതാഗതക്കുരുക്കിലായി. അനധികൃത പാര്‍ക്കിംഗും ശബരിമല തീത്ഥാടകരുടെ വാഹനപ്രവാഹവും കൂടിയായതോടെ പട്ടണത്തില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ലക്ഷങ്ങള്‍ മുടക്കി മാര്‍ക്കറ്റ് ജംഗഷനില്‍ ട്രാഫിക് നിയന്ത്രിക്കാനായി സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറിയിട്ട് നാളുകളേറെയായി. തിരക്കൊഴിവാക്കാന്‍ ടൗണില്‍ ആവശ്യത്തിന് പോലീസുകാരോ ഹോംഗാര്‍ഡുകളോ ഇല്ലാത്തതും കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് വണ്‍വേ റോഡുവഴി ചെറിയ വാഹനങ്ങള്‍ വിട്ടാല്‍ ഒരുപരിധി വരെ വാഹനക്കുരുക്ക് ഒഴിവാക്കാനാകും. വണ്‍വേറോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നത് മൂലം വാഹനങ്ങള്‍ ഇത് വഴിപോകാന്‍ വിസമ്മതിക്കുകയാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ റോഡ് തകര്‍ന്നു. ഇതിനാല്‍ വാഹനങ്ങള്‍ ഇതുവഴി പോകാതെയായി. പഞ്ചായത്ത് അധീനതയിലുളള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി അല്‍പം വീതികൂട്ടിയെടുത്താല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നിരിക്കെ ആര്‍ക്കും ഇതിനൊന്നും താല്‍പര്യമില്ലെന്ന മട്ടാണ്. പട്ടണത്തിലെ റോഡ് ടാറിംഗ് നടത്തിയതാണ് ഏക ആശ്വാസം. പട്ടണത്തിലെ ചില സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചതും അനധികൃതവാഹന പാര്‍ക്കിംഗുമാണ് ഗതാഗത തടസത്തിന് കാരണം. പത്തനാപുരത്ത് ട്രാഫിക് പരിഷ്‌കരണം പ്രഖ്യാപനത്തിലൊതുങ്ങിയതായി ആക്ഷേപമുണ്ട്. ശബരിമല തീര്‍ത്ഥാടനകാലത്തോടനുബന്ധിച്ച് വ്യാപാരികളുടേയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരേയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഗതാഗത അവലോകന യോഗം വിളിക്കുക പതിവാണ്. എന്നാല്‍ ഇക്കുറി അതുപോലും നടന്നിട്ടില്ല. ശബരിമല സീസണ്‍ കഴിയുന്നതുവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.