കൊല്ലം: നഗര ഹൃദയത്തില്‍ ശിരസുയര്‍ത്തി നില്ക്കുന്ന ശ്രീനാരായണ കോളജ് എന്നും ചരിത്രസ്മരണകളാല്‍ മുഖരിതമാണ്. 15ന് വീണ്ടും ചരിത്രരേഖയില്‍ കയ്യൊപ്പ് ചാര്‍ത്തുകയാണ് ഈ അതുല്യകലാലയം.
വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തില്‍ ആരംഭിച്ചതാണ് ഈ വിദ്യാകേന്ദ്രം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പാവ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രിയും യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്.ശങ്കറാണ് കോളേജ് സ്ഥാപിച്ചത്. അതേ ആര്.ശങ്കറിന്റെ ഓര്‍മ്മ പുതുക്കി കോളേജിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതോടെ ശ്രീനാരായണ കോളേജിന് മറ്റൊരു ചരിത്ര മുഹൂര്‍ത്തം.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഒട്ടനേകം മഹത് വ്യക്തികളെ സംഭാവന ചെയ്ത ഈ കലാലയം സ്ഥാപിക്കപ്പെട്ടതുമുതല്‍ കേരളത്തിലെ ചരിത്ര താളുകളില്‍ തലയുയര്‍ത്തി നിന്നിരുന്നു.
ആര്.ശങ്കറും മന്നവും ഒന്നിച്ച് നിന്ന് കേരളത്തില്‍ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തിന് വേദിയായ കോളജ് ഗ്രൗണ്ടും വീണ്ടും ചരിത്രത്തില്‍ ഇടംപിടിക്കുന്നു. നരേന്ദ്രമോദിയെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് കോളേജ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: