സപ്തംബറില്‍ മോദി പാക്കിസ്ഥാനിലേക്ക്

Thursday 10 December 2015 1:09 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലേക്ക്. 2016 സപ്തംബറില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് യാത്ര. മോദിയുടെ നേതൃത്വത്തില്‍ ഭാരത വിദേശനയത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാകും ഈ പാക് സന്ദര്‍ശനം. 2004 അടല്‍ ബിഹാരി വാജ്‌പേയിയാണ് അവസാനം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഭാരത പ്രധാനമന്ത്രി. പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് പാക് സന്ദര്‍ശനം നടത്താനായില്ല. പാക്കിസ്ഥാനിലുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ഇസ്ലാമാബാദില്‍ മോദിയുടെ സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത സപ്തംബറിലാണ് സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളുടെ ഉച്ചകോടി. ഈ വര്‍ഷം ജൂണില്‍ റഷ്യയിലെ  ഉഫായില്‍ നടന്ന ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ മോദിയെ നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. നേരത്തേ, മോദിയുടെ സത്യപ്രതിജ്ഞയ്ക്ക്, ക്ഷണം സ്വീകരിച്ച് ഷെരീഫ് ന്യൂദല്‍ഹിയിലെത്തിയതോടെ ഇരു നേതാക്കള്‍ക്കും രാജ്യത്തിനുമിടയില്‍ നല്ല ബന്ധങ്ങള്‍ തുടങ്ങിയിരുന്നു. സൗത്ത് ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനും വികസനത്തിനും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്ന് ഉഫയില്‍ പ്രധാനമന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും ഇനിയുള്ള സംയുക്ത പദ്ധതികള്‍. പ്രധാനമന്ത്രിയുടെ പാക്കിസ്ഥാന്‍ യാത്രയ്ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഭാരത-പാക്കിസ്ഥാന്‍ ബന്ധം ഭരണതലത്തില്‍ മെച്ചപ്പെടുന്ന വേളയിലെല്ലാം മറ്റു തരത്തിലുള്ള കുഴപ്പങ്ങള്‍ക്ക് ചില തല്‍പരകക്ഷികള്‍ ആ രാജ്യത്ത് ശ്രമം നടത്താറുണ്ട്. ഉഫാ ഉച്ചകോടിക്കും കൂടിക്കാഴ്ചയ്ക്കും ശേഷം ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേശകര്‍ ന്യൂദല്‍ഹിയില്‍ തമ്മില്‍ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. അന്നത്തെ പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേശകന്‍ സര്‍താസ് അസീസിന്റെ സ്വീകരണാര്‍ത്ഥം നടക്കുന്ന യോഗത്തിലേക്ക്, പാക് ഹൈക്കമ്മീഷണര്‍ കശ്മീര്‍ വിഘടന വാദികളെ ക്ഷണിച്ചതാണ് തടസമായത്. പിന്നീട്, അതിര്‍ത്തിയിലെ വെടിവെയ്പ്പു നിയന്ത്രണക്കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചത്,  ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ നല്ല ബന്ധം തകരാറിലാക്കി. കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടയില്‍ മോദിയും ഷെരീഫും തമ്മില്‍ കാണുകയും തന്ത്രപരമായ നീക്കങ്ങള്‍ക്കു തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് സുരക്ഷാ ഉപദേശകര്‍ മൂന്നാമതൊരു രാജ്യമായ ബാങ്കോക്കില്‍ കൂടിക്കണ്ടത്. അജിത് ഡോവലും പാക്കിസ്ഥാന്റെ പുതിയ സുരക്ഷാ ഉപദേശകന്‍ നസീര്‍ ഖാന്‍ ജാന്‍ജ്വയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും സംബന്ധിച്ച എല്ലാ വിഷയങ്ങളും, ഭീകരതയും കശ്മീരിലെ അതിര്‍ത്തി പ്രശ്‌നങ്ങളും ഉള്‍പ്പെടെ, ചര്‍ച്ചാവിഷയമായി. ഇതിന്റെ അടുത്തപടിയായിരുന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രണ്ടു ദിവസത്തെ പാക് സന്ദര്‍ശനം. 2012-ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നടത്തിയ സന്ദര്‍ശനത്തിനു ശേഷം സുഷമാ സ്വരാജാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വിദേശ മന്ത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.