ചെന്നിത്തലയില്‍ ജയം വിമതര്‍ക്ക്: സിപിഎം ജില്ലാ നേതൃത്വം മുട്ടുമടക്കി

Wednesday 9 December 2015 8:52 pm IST

മാന്നാര്‍: സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ വിപ്പ് ലംഘിച്ച് പ്രസിഡന്റായതിന് പാര്‍ട്ടി പുറത്താക്കിയ ഇ.എന്‍. നാരായണന്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ വീണ്ടും പ്രസിഡന്റായി. ആദ്യ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് പ്രസിഡന്റായ നാരായണന്‍ രണ്ടാഴ്ച നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം ജില്ലാ നേത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിവയ്ക്കുകയായിരുന്നു. ചെന്നിത്തലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള രാജിയുമെല്ലാം സിപിഎമ്മിനുള്ളില്‍ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സംസ്ഥാന തലത്തില്‍ വരെ ചര്‍ച്ചയായി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിനുജോര്‍ജ്ജും, ഇ.എന്‍. നാരായണനും തമ്മില്‍ തര്‍ക്കമായതോടെ, ജില്ലാ കമ്മിറ്റി ഇടപെട്ട് സിപിഐയിലെ ജയകുമാരിയെ പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി നല്‍കിയ വിപ്പ് ലംഘിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഇ.എന്‍. നാരായണന്‍ ആദ്യം പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. വിപ്പ് ലംഘനത്തിന്റെ പേരില്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് ഇ.എന്‍. നാരായണന്‍ ഉള്‍പ്പെടെ മൂന്നുപേരെ പുറത്താക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചെന്നിത്തലയിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളിലെ മുഴുവന്‍ പേരും രാജി നല്‍കി. പിന്നീട് നടന്ന ഇടപെടലുകളെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ ചെന്നിത്തല ലോക്കല്‍ കമ്മിറ്റി തയാറാവുകയും ഇ.എന്‍. നാരായണന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും ഇ.എന്‍.നാരായണനെ തന്നെ പ്രസിഡന്റാക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ചെന്നിത്തലയിലെ രണ്ടു ലോക്കല്‍ കമ്മിറ്റികള്‍ ചേരുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇ.എന്‍.നാരായണനെ തന്നെ പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി അറിയിക്കുകയുമായിരുന്നു. ജില്ലാ സെക്രട്ടറി സജിചെറിയാന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ആര്‍.നാസര്‍, എ.മഹേന്ദ്രന്‍, കെ.പ്രസാദ്, കെ.രാഘവന്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി.വിശ്വംഭരപ്പണിക്കര്‍ എന്നിവര്‍ പങ്കെടുത്താണ് ലോക്കല്‍ കമ്മിറ്റി ചേരുകയും തീരുമാനം അറിയിക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച വിപ്പ് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് ഏരിയാ കമ്മിറ്റി നല്‍കുകയും ചെയ്തു. 18 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫ്-എട്ട്, യുഡിഎഫ്-നാല്, ബിജെപി-നാല്, കോണ്‍ഗ്രസ് വിമതര്‍-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ നേതൃത്വം ചെന്നിത്തലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇതിനിടെ നാരായണനില്‍ നിന്നും മാപ്പപേക്ഷ വാങ്ങി നടപടിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.