ലോക്പാല്‍ ബില്‍ ശക്തമെങ്കില്‍ സോണിയ സംവാദത്തിന് തയാറാകണം - അണ്ണാ ഹസാരെ

Thursday 22 December 2011 3:58 pm IST

റാലേഗന്‍ സിദ്ധി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന ലോക്പാല്‍ ബില്‍ ശക്തമാണെന്നു സോണിയയ്ക്കു ബോധ്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്നു സംവാദത്തിനു തയാറാകണമെന്ന് അണ്ണാ ഹസാ‍രെ വെല്ലുവിളിച്ചു. പുതിയ ലോക്പാല്‍ ബില്ല് ഉപയോഗശൂന്യമെന്നും ഹസാരെ പറഞ്ഞു. ശക്തമായ ലോക് പാല്‍ ബില്ലിനു വേണ്ടി സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്നും ഹസാരെ അറിയിച്ചു. സി.ബി.ഐയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ ഉപയോഗ ശൂന്യമായ ഒന്നാണ്. അഴിമതിക്കാരെ സംരക്ഷിക്കുവാന്‍ മാത്രമേ ഈ നടപടി കൊണ്ട് സാധിക്കൂ. ലോക്‌പാല്‍ ബില്‍ വളരെ ശക്തമാണെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്ന സോണിയ മുന്നോട്ടു വരികയും മാധ്യമങ്ങളുടെ മുന്നില്‍ സംവാദത്തിന്‌ തയ്യാറാകുകയും വേണം. അതിന്‌ ശേഷം ബില്‍ എത്രമാത്രം പ്രയോജനപ്രദമാണതെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഹസാരെ പറഞ്ഞു. ലോക്‌പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ പോരാട്ടത്തിന്‌ തയ്യാറാണെന്നും ബില്‍ വളരെ ശക്തമാണെന്നും സോണിയ ഗാന്ധി ഇന്നലെ അവകാശപ്പെട്ടതിന്‌ തൊട്ടുപിന്നാലെയായിരുന്നു ഹസാരെയുടെ പ്രതികരണമെത്തിയത്‌. ശക്തമായ ലോക്പാലിനു വേണ്ടിയുള്ള മൂന്നു ദിവസത്തെ നിരാഹാര സമരം ഡിസംബര്‍ 27ന് ആരംഭിക്കുമെന്നും ഹസാരെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.