കേന്ദ്ര സര്‍ക്കാര്‍ നഗരജീവന മിഷന്‍ പദ്ധതി കൊച്ചി കോര്‍പ്പറേഷന് 13 കോടി

Wednesday 9 December 2015 10:40 pm IST

കൊച്ചി: നഗരത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ നഗരജീവന മിഷന്‍ പദ്ധതി പ്രകാരം കൊച്ചി കോര്‍പ്പറേഷന് 13 കോടി രൂപ ലഭിക്കും. ഇത് വിവിധ പദ്ധതികളിലായി വിനിയോഗിക്കുമെന്ന് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ. സാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടുംബശ്രീ വഴി തന്നെയായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കൃത്യമായി ഫണ്ട് വിനിയോഗിച്ചാല്‍ എല്ലാ വര്‍ഷവും ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരജീവനം പദ്ധതിയിലുള്‍പ്പെടുത്തി ഒന്നേകാല്‍ കോടി രൂപ ചിലവഴിച്ച് നഗരത്തില്‍ നാല് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്ന 14 കോളനികള്‍ ഇന്നും നഗരത്തിലുണ്ടെന്നും ഭവന രഹിതരും ഭൂരഹിതരും നിരവധിയാണെന്നും പറഞ്ഞു. ഭവന രഹിതര്‍ക്കുള്ള താല്ക്കാലിക സംവിധാനമെന്ന നിലയിലാകും ഇവ നിര്‍മ്മിക്കുക. നഗരസഭയില്‍ തീരുമാനമാകാതെ കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ അപേക്ഷകളില്‍ രണ്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.വി. സാബു പറഞ്ഞു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷകളാണ് തീരുമാനമെടുക്കാതെ കിടക്കുന്നതെന്നും പെന്‍ഷന്‍ പ്രായം 60 ആക്കി കുറക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ലഭിച്ച 4000ത്തോളം അപേക്ഷകളില്‍ തീരുമാനമെടുത്ത് റിപ്പോര്‍ട്ട് നല്കാന്‍ ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റോഡുകള്‍ ഘട്ടം ഘട്ടമായി മികച്ച നിലവാരമുള്ളവയാക്കി മാറ്റുമെന്ന് മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എ. ഹാരിസ് പറഞ്ഞു. നിലവാരമുറപ്പാക്കുന്നതിനായി ഗ്യാരന്റി അടിസ്ഥാനത്തില്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതി വിഹിത വിനിയോഗം 21 ശതമാനത്തോളം പൂര്‍ത്തിയായി: വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് പറഞ്ഞു. ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് ശുചിത്വമുറപ്പാക്കാന്‍ ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്കും. ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ വി കെ പറഞ്ഞു. ഹോട്ടലുകളിലെ അടുക്കളകള്‍ പെയന്റ് അടിച്ച് വൃത്തിയാക്കുക, ശുദ്ധ ജല സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുക, മുത്രപുരകളും കക്കുസുകളും ഉണ്ടെങ്കില്‍ അവ വൃത്തിയാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹോട്ടലുകള്‍ക്കും ക്യാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ നോട്ടിസ് നല്കുന്നതെന്നും ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.