വിവാഹ തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

Wednesday 9 December 2015 10:46 pm IST

മൂവാറ്റുപുഴ: രണ്ടു വര്‍ഷത്തിനിടെ വിവിധ ജില്ലകളില്‍ പതിനഞ്ചോളം വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂര്‍ അഞ്ചങ്ങാടി ദേശത്ത് ചാലിയില്‍ വീട്ടില്‍ അനീഷ് (42), കോഴിക്കോട് കടവൂര്‍ ചമ്മല്‍ദേശത്ത് വട്ടക്കണ്ണി വീട്ടില്‍ നൗഷാദ് (35) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതിയായ ഫിറോസിനെ പോലീസ് തിരയുന്നുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയതായി തെളിഞ്ഞിട്ടുണ്ട്. പ്രമുഖ മലയാള പത്രത്തില്‍ വിവാഹ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സംഭവങ്ങളില്‍ ലളിതമായ രീതിയില്‍ ചടങ്ങ് സംഘടിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കി സ്ഥലം വിടുകയാണ് പതിവ്. പരാതി നല്‍കാതിരിക്കാന്‍ നാലഞ്ച് മാസം കൂടുമ്പോള്‍ അവരെ കണ്ട് ജോലിത്തിരക്കാണെന്നും മറ്റും പറഞ്ഞ് ചെറിയ തുക ഏല്‍പ്പിച്ച് മടങ്ങും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള സ്ത്രീകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. രണ്ടാം വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇയാളുടെ വലയില്‍ വീണിട്ടുള്ളത്. ഒരു യുവതിയുടെ പരാതിയിലാണ് കുന്നത്തുനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ വന്‍ തട്ടിപ്പ് പുറത്തറിയുകയായിരുന്നു. എറണാടുളം റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍, കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. മനോജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കുന്നത്തുനാട് എസ്‌ഐ ഷോജോ വര്‍ഗീസ് തന്ത്രപൂര്‍വ്വം ഫോണില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.