എരുമേലിയില്‍ രണ്ട് സ്ഥിരം സര്‍വ്വീസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തി

Wednesday 9 December 2015 10:50 pm IST

എരുമേലി: പമ്പാ സര്‍വ്വീസിനായി അനുവദിച്ച ബസുകള്‍ പിന്‍വലിച്ച കെഎസ്ആര്‍ടിസി അധികൃതര്‍ എരുമേലി സെന്ററിലെ രണ്ട് സ്ഥിരം സര്‍വ്വീസ് ബസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ നിന്നും പമ്പാ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി 10 ബസുകളാണ് തുടക്കത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ മൂന്നു ബസുകളും മൈതാനത്തെ ഡ്യൂട്ടിക്കാരനെയും പിന്‍വലിക്കുകയായിരുന്നു. ഇക്കാര്യം ജന്മഭൂമിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദേവസ്വം ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി പിന്‍വലിച്ച മൂന്നു ബസുകളും തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി എരുമേലിയിലെ സ്ഥിരം യാത്രാ ബസുകള്‍ പിന്‍വലിച്ച് പമ്പാ സര്‍വ്വീസ് നടത്തുകയാണ് എരുമേലിയിലെ ഉദ്യോഗസ്ഥര്‍. ആലപ്പുഴ-ചങ്ങനാശ്ശേരി, എരുമേലി-കുറുമ്പന്‍കുഴി എന്നീ രണ്ട് സര്‍വ്വീസുകളാണ് പമ്പാ സര്‍വ്വീസിനായി തന്ത്രപരമായി അധികൃതര്‍ പിന്‍വലിച്ചത്. യാതൊരുവിധ മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് ബസുകള്‍ പിന്‍വലിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ലോക്കല്‍ സര്‍വ്വീസിനെക്കാള്‍ ലാഭം പമ്പാ സര്‍വ്വീസാണെന്ന അധികൃതരുടെ വാദത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി. എരുമേലിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങിയ നാള്‍ മുതല്‍ സര്‍വ്വീസ് ആരംഭിച്ച കുറുമ്പന്‍മൂഴി-ചങ്ങനാശ്ശേരി സര്‍വ്വീസുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആരോപണവും ശക്തമായി. പിന്‍വലിച്ച മൂന്ന് ബസുകളില്‍ രണ്ടെണ്ണം ഉടനെ തിരികെ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.