നിതിന്‍ ഗാര്‍ഗിന്‍ കൊല: ഓസ്ട്രേലിയന്‍ വംശജന് 13 വര്‍ഷം തടവ്

Thursday 22 December 2011 3:59 pm IST

സിഡ്നി: ഇന്ത്യന്‍ വിദ്യാര്‍ഥി നിതിന്‍ ഗര്‍ഗിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരനായ ഓസ്ട്രേലിയന്‍ വംശജന് 13 വര്‍ഷം തടവ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റവാളിയുടെ പേരു പുറത്തുവിട്ടിട്ടില്ല. 2010 ജനുവരി രണ്ടിനാണ് സംഭവം. നിതിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു കൊലപാതകം നടന്നത്. സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. നിതിനെ കൊല്ലാന്‍ യുവാവിനു പദ്ധതിയില്ലായിരുന്നു. പ്രത്യേക സാഹചര്യത്തിലാണു കൊലപാതകം നടന്നതെന്നും ജഡ്ജി പോള്‍ കോഗ്ലാന്‍ പറഞ്ഞു. വംശീയതയേക്കാളുപരി ക്രിമിനല്‍ സ്വഭാവമാണു സംഭവത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തോടൊപ്പം പാര്‍ട്ട്‌ ടൈം ജോലി കൂടി ചെയ്‌തു വരികയായിരുന്ന നിതിന്‍ തന്റെ ജോലിസ്ഥലത്തേക്ക്‌ പോകവെയാണ്‌ പ്രതി ആക്രമിച്ചത്‌. കുത്തേറ്റ്‌ നിലത്തുവീണെങ്കിലും റസ്റ്റോറന്റിന്‌ സമീപത്ത്‌ വരെ ഇഴഞ്ഞെത്തിയ നിതിന്‍ ഗാര്‍ഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ മരണം സംഭവിച്ചു. മെല്‍ബണ്‍ പരിസരമായ യറാവില്‍ മേഖലയില്‍ നിന്നാണ്‌ പ്രതിയെ വിക്‌ടോറിയ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.