മില്‍മ സമരം : ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു

Thursday 10 December 2015 12:42 pm IST

കോഴിക്കോട്: മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. കുണ്ടുതോട്, നടവയല്‍ എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് രാവിലെ പ്രതിഷേധിച്ചത്. ക്ഷീരസംഘം പ്രസിഡന്റ് ജോസ് വട്ടമറ്റം, ആന്റണി വെട്ടുകല്ലില്‍, നൈസി ജോസ്, ശശി തയ്യില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്ഷീര കര്‍ഷകരുടെ ഉപജീവനത്തിന് തടസം സൃഷ്ടിക്കുന്ന നടപടികള്‍ മില്‍മ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ക്ഷീരസംഘം പ്രസിഡന്റ് ജോസ് വട്ടമറ്റം, ആന്റണി വെട്ടുകല്ലില്‍, നൈസി ജോസ്, ശശി തയ്യില്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. മില്‍മ ജീവനക്കാരുടെ സമരത്തോട് ക്ഷീരകര്‍ഷകര്‍ക്ക് എതിര്‍പ്പില്ല. അതേസമയം സമരത്തിന്റെ കാര്യം ക്ഷീരകര്‍ഷകരെ അറിയിച്ചിരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതിയും ക്ഷേമനിധിയും മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മില്‍മയുടെ മൂന്നു മേഖലാ യൂണിയനുകളിലെയും ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഐഎന്‍ടിയുസിയും സിഐടിയുവും അടക്കം മുഴുവന്‍ യൂണിയനുകളും പങ്കെടുക്കുന്നുണ്ട്. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് മില്‍മയുടെ പാല്‍വിതരണം പൂര്‍ണമായി സ്തംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.