ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്‍ നിര്‍മിക്കും

Thursday 10 December 2015 11:50 am IST

ന്യൂദല്‍ഹി: ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്‍ നിര്‍മിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഭാരത സന്ദര്‍ശനത്തിനിടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ബുള്ളറ്റ് ട്രെയിനിനായി 98,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് പാതയിലാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ അതിവേഗ ട്രെയിന്‍ സര്‍വീസ് പദ്ധതിയാണിത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരമാണ് ജപ്പാന്‍ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കുക. ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം സംബന്ധിച്ച അന്തിമ തീരുമാനം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ എടുത്തത്. മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ പത്ത് സ്റ്റോപ്പുകള്‍ ബുള്ളറ്റ് ട്രെയിനിനുണ്ടാകും. മുംബൈ-അഹമ്മദാബാദ് ടിക്കറ്റ് ചാര്‍ജ് 2,800 രൂപയാകുമെന്നാണ് ഏകദേശ കണക്ക്. 534 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതയ്ക്കുള്ളത്. ഇപ്പോള്‍ എട്ടു മണിക്കൂര്‍ സമയം യാത്ര ചെയ്താലേ മുംബൈയില്‍നിന്ന് അഹമ്മദാബാദില്‍ എത്തൂ. ബുള്ളറ്റ് ട്രെയിന്‍ എത്തുന്നതോടെ രണ്ടു മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്താന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.