സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

Saturday 2 July 2011 10:57 pm IST

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങളിലേക്ക്‌ കടന്നുചെന്ന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന്‌ സിഎജി വ്യക്തമാക്കി. വിവാദമായ കെജിഡി 6 പ്രദേശത്തെ പെട്രോളിയം അനുമതിയെക്കുറിച്ച്‌ പരാമര്‍ശിക്കവെ അതിന്റെ ഓഡിറ്റ്‌ പെട്രോളിയം മന്ത്രാലയം പൂര്‍ത്തിയാക്കിയതാണെന്നും റിലയന്‍സില്‍നിന്ന്‌ മന്ത്രാലയം വഴി കൂടുതല്‍ വിവരങ്ങള്‍ ആരായുന്നുണ്ടെന്നും സിഎജി വിനോദ്‌ റായ്‌ വെളിപ്പെടുത്തി.
2 ജി സ്പെക്ട്രം കേസിലും പെട്രോളിയം കുംഭകോണത്തിലും ഒരു സ്വകാര്യ പങ്കാളിക്ക്‌ പൊതുമുതല്‍ ലഭ്യമാക്കിയതിനാല്‍ പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ നടത്തേണ്ടതുണ്ട്‌. ഒരു നയപരമായ കാര്യത്തില്‍ സിഎജി ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും ഭരണഘടന പ്രകാരമുള്ള അധികാരങ്ങള്‍ മാത്രമേ അത്‌ കയ്യാളാന്‍ പാടുള്ളൂവെന്നും രണ്ടുദിവസം മുമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചൂണ്ടിക്കാട്ടിയിരുന്നു.
2006 ല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പരിശോധിച്ചു. മൂന്ന്‌ കക്ഷികളുമായും ലാഭം പങ്കിടുന്നത്‌ സംബന്ധിച്ച്‌ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. അല്ലാതെ ഇത്‌ റിലയന്‍സിനെ മാത്രം ബാധിക്കുന്നതല്ല.
റിലയന്‍സ്‌ കയേണ്‍ കമ്പനികളെ പര്യവേഷണം നടത്തിയ സ്ഥലം മുഴുവന്‍ കൈവശം വയ്ക്കാന്‍ അനുവദിച്ചിരുന്നു. നിര്‍മാണച്ചെലവിലെ വര്‍ധനക്കുനേരെ കണ്ണടച്ചതിനും ഉല്‍പാദനം പങ്കുവെക്കല്‍ കരാറിന്‌ വിപരീതമായി കൂടുതല്‍ സ്ഥലം അനുവദിച്ചതിനും എണ്ണ മന്ത്രാലയം അതിന്റെ സാങ്കേതിക പങ്കാളിയായ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഹൈഡ്രോകാര്‍ബണ്‍സും പങ്കാളിയാണെന്ന സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു വിനോദ്‌ റായ്‌.
ഓഡിറ്റര്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടുവെന്ന ആരോപണത്തിന്‌ മറുപടിയായി അതുകൊണ്ട്‌ എന്താണ്‌ പ്രയോജനം എന്ന്‌ സിഎജി ചോദിച്ചു. 2 ജി സ്പെക്ട്രം കേസില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന്ന ഷ്ടമുണ്ടാക്കിയതായി സിഎജി ചൂണ്ടിക്കാട്ടിയതിനെ ടെലികോം മന്ത്രി കപില്‍ സിബല്‍ നിഷേധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ നഷ്ടം കണക്കാക്കുന്നത്‌ ഏകദേശമാണെന്ന്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി സിഎജി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.