അണികളുടെ എതിര്‍പ്പ് ബ്ലോക്കുകമ്മറ്റിയോഗം നടന്നത് ഡിസിസി ഓഫീസില്‍

Thursday 10 December 2015 8:06 pm IST

ആലപ്പുഴ: അണികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബ്ലോക്കു കമ്മറ്റിയോഗം ചേര്‍ന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍. മാരാരിക്കുളം ബ്ലോക്കു കമ്മറ്റിക്കാണ് ഈ ഗതികേട്. മണ്ണഞ്ചേരിയില്‍ സ്വന്തം ഓഫീസ് കെട്ടിടമുണ്ടായിട്ടും. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും എതിര്‍പ്പ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഓഫീസില്‍ യോഗം ചേരേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലോക്കു പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ് രാജിവച്ചൊഴിയണമെന്നാണ് ഗ്രൂപ്പു ഭേദമന്യെ അണികളും ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. മണ്ണഞ്ചേരിയിലെ ഓഫീസില്‍ യോഗം നടന്നാല്‍ സംഘര്‍ഷം ഉണ്ടാവുമെന്ന് ഭയന്നാണ് ജില്ലാ ഓഫീസില്‍ യോഗം ചേര്‍ന്നത്. നല്ല ശതമാനം നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നു. പങ്കെടുത്തവരില്‍ പലരും പ്രസിഡന്റിനും നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത ആര്യാട ഗ്രാമപഞ്ചായത്തില്‍ ഇത്തവണ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനുകാരണം പഞ്ചായത്തു പ്രസിഡന്റുകൂടിയായിരുന്ന രവീന്ദ്രദാസിന്റെ പിടിപ്പുകേടാണെന്നാണ് ആക്ഷേപമുയരുന്നത്. വിമര്‍ശനം ശക്തമായതോടെ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഡി. അശോക് കുമാര്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബ്ലോക്കുകമ്മറ്റി പ്രസിഡന്റ് വഴങ്ങിയില്ല. സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടി പിന്നിലായ സാഹചര്യത്തില്‍ രവീന്ദ്രദാസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് അവര്‍ ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കി. കെ.സി. വേണുഗോപാല്‍ എംപിയുടെ ശക്തമായ പിന്തുണ ഉള്ളതിനാലാണ് രവീന്ദ്രദാസ് തല്‍സ്ഥാനത്ത് തുടരുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന് എതിര്‍നിലപാടാണുള്ളതെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ടു നല്‍കിയതായും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.