നമ്മുടെ തെറ്റിദ്ധാരണകള്‍

Thursday 10 December 2015 8:16 pm IST

രാജസൂയയജ്ഞം നടത്തിയത് യുധിഷ്ഠിരന്റെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം തങ്ങള്‍ നിര്‍മിച്ച പുതിയ കൊട്ടാരത്തിലേക്ക് പാണ്ഡവര്‍ ദുര്യോധനനെയും സഹോദരന്മാരെയും ക്ഷണിച്ചു. പാണ്ഡവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥം മനോഹരമായിരുന്നു. ആ കൊട്ടാരത്തില്‍ പല അത്ഭുത കരകൗശലവിദ്യകളും ശില്പി ചെയ്തുവെച്ചിരുന്നു. വിശാലമായ ഒരു മുറിയുടെ അടുത്ത് എത്തിയപ്പോള്‍ അവിടെ മുഴുവന്‍ ജലം കെട്ടിക്കിടക്കുന്നതായി ദുര്യോധനനും സഹോദരങ്ങള്‍ക്കും തോന്നി. വസ്ത്രങ്ങള്‍ നനയാതിരിക്കാന്‍ മേല്‍വസ്ത്രങ്ങള്‍ അഴിച്ച് അവര്‍ ആ മുറിയിലേക്ക് കടന്നു. പക്ഷേ മുറിയിലേക്ക് കടന്നപ്പോഴാണ് ജലത്തിന്റെ കണികപോലും ഇല്ല എന്ന് മനസ്സിലായത്. അല്പവസ്ത്രധാരികളായി നില്‍ക്കുന്ന ദുര്യോധനനെയും സഹോദരങ്ങളെയും നോക്കി ഭീമനും പാഞ്ചാലിയും പരിഹസിച്ചു ചിരിച്ചു. കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ മനോഹരമായ വെണ്ണക്കല്‍ വിരിച്ച ഒരു മുറി അവര്‍ കണ്ടു. ആ മുറിയിലേക്ക് അവര്‍ നടന്നുകയറി. ആ പ്രദേശം വാസ്തവത്തില്‍ ഒരു ചെറിയ കുളമായിരുന്നു. വെള്ളത്തില്‍ വീണ ദുേര്യാധനന്റെയും സഹോദരന്മാരുടെയും വസ്ത്രങ്ങള്‍ മുഴുവന്‍ നനഞ്ഞു. ഇങ്ങനെ ആ കൊട്ടാരത്തിന്റെ പല ഭാഗങ്ങളിലും അവര്‍ക്ക് പല അമളികളും സംഭവിച്ചു. ജലം നിറച്ച പ്രദേശത്തെ മനോഹരമായ വെണ്ണക്കല്‍ വിരിച്ച തറയായും വെള്ളമില്ലാത്ത പ്രദേശത്തെ ജലം നിറഞ്ഞ സ്ഥലമായും അവര്‍ തെറ്റിദ്ധരിച്ചു. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയില്‍ നിര്‍മിച്ച ആ രാജധാനിപോലെ തന്നെയാണ് നമ്മുടെ ഈ ലോകവും. ചില സ്ഥലങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളും നിരുപദ്രവകരങ്ങളായും ഭംഗിയുള്ളതായും മക്കള്‍ക്ക് തോന്നാം. പക്ഷേ ഭംഗിയുള്ളത് എന്ന് തോന്നുന്ന പലതിന്റെയും പിന്നില്‍ അപകടം പതിയിരിക്കുന്നുണ്ടാവും. മദ്യവും മയക്കുമരുന്നുമൊക്കെ മനോഹരങ്ങളായ അനുഭവം പ്രദാനം ചെയ്യാം. കുറച്ച് നേരത്തേയ്ക്ക് മാത്രമാണ് ആ ലഹരി നില്‍ക്കുന്നത്. അതുകഴിഞ്ഞ് വന്‍നാശത്തിലേയ്ക്ക് അവ നിങ്ങളെ നയിക്കാം. തൊലിപ്പുറമേയുള്ള സൗന്ദര്യവും ഭംഗിയും ഉള്ളില്‍ ഉണ്ടാവണം എന്നില്ല. ചതിയും പകയും ഉള്ളില്‍ ഒളിപ്പിച്ച് ഭംഗിയായി ചിരിക്കുന്നവരെ മക്കള്‍ കണ്ടിട്ടില്ലേ? മറ്റ് ചില അനുഭവങ്ങളില്‍, സാഹചര്യങ്ങളില്‍ അപകടം ഉണ്ട് എന്ന് തോന്നാം. ചില ആളുകളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അപകടകാരികളാണ് എന്ന് തോന്നാം. അത്തരം സാഹചര്യങ്ങളെയോ ആളുകളേയോ കാണുമ്പോള്‍ നിങ്ങള്‍ അധികം ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. പക്ഷേ അത്തരം ആളുകളും സാഹചര്യങ്ങളും അപകടം നല്‍കുന്നവരാവണമെന്നില്ല. ഇങ്ങനെ പുറമെ നിന്ന് കണ്ടിട്ട് എത്തുന്ന പല മുന്‍വിധികളും തെറ്റാകാറുണ്ട്. എന്നാലും ഈ മായക്കാഴ്ചകളില്‍ ഭ്രമിച്ചാണ് പലരും ഓരോ ദിവസവും തള്ളിനീക്കുന്നത്. കുഴപ്പം ലോകത്തിനും പ്രകൃതിക്കുമല്ല. നിങ്ങളുടെ ഉള്ളിലാണ് കുഴപ്പങ്ങളുടെ തുടക്കം. തുറന്ന കണ്ണുമായി, തുറന്ന മനസ്സുമായി ഓരോ വ്യക്തിയെയും സംഭവത്തെയും നോക്കിക്കാണാന്‍ മക്കള്‍ ശ്രമിക്കണം. അപ്പോള്‍ എല്ലാറ്റിലും വ്യക്തത കൈവരും. മായക്കാഴ്ചകളില്‍ ഭ്രമിച്ച മനസ്സുമായി വസ്തുതകളെ സമീപിക്കരുത്. ശ്രദ്ധയോടു കൂടിയ പ്രവര്‍ത്തി നിങ്ങള്‍ക്ക് ഗുണം ചെയ്യും. സത്യത്തിലേക്കും ആത്മീയതയിലേക്കും മനസ്സിനെയും ബുദ്ധിയെയും തുറന്നുവെക്കണം. അപ്പോള്‍ ദുഃഖം മാത്രമാണ് ശാശ്വതം എന്ന ഭാവം മാറും. ശാശ്വതമായ ആനന്ദം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ലോകത്ത് എമ്പാടുമുള്ള മലയാളികള്‍ കൊണ്ടാടുന്ന ഓണം എത്തിക്കഴിഞ്ഞിരിക്കുന്നു. വിഷുക്കാലത്ത് പൂവിട്ടിരുന്ന കണിക്കൊന്നകള്‍ ഇപ്പോള്‍ നേരത്തെ പൂവിടാന്‍ തുടങ്ങിയിരിക്കുന്നു. അത്തം മുതല്‍ പത്താം നാളാണ് തിരുവോണം. ഇത് ചിങ്ങമാസത്തിലാണ് ആഘോഷിക്കുന്നത്. പക്ഷേ ഈ വര്‍ഷം അത്തം വന്നത് കര്‍ക്കടക മാസത്തിലാണ്. പ്രകൃതിയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. തേനീച്ചകള്‍ പല രാജ്യങ്ങളിലും കുറഞ്ഞുവരുന്നു. പൂവുകളില്‍നിന്ന് പൂവുകളിലേക്ക് പറന്ന് പരാഗണം നടത്തുകയും ഫലങ്ങളും കായ്കളും ഉണ്ടാവുന്നതിന് ഹേതുവാകുകയും ചെയ്യുന്ന തേനീച്ചകളുടെ നാശം ശാസ്ത്രലോകം ശ്രദ്ധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.