കോട്ടയം: ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ജനുവരി 8 മുതല്‍ വൈക്കത്ത് നടക്കും. വോയ്സ് ഫൗണ്ടേഷന്റെയും കലാകാരന്മാരുടെയും ആഭിമുഖ്യത്തില്‍ മഹാദേവക്ഷേത്ര കലാമണ്ഡപത്തിലാണ് സംഗീതോത്സവം. ജനുവരി 8ന് വൈകിട്ട് 6ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രായര്‍ ഗോപാലകൃഷ്ണന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
വൈക്കത്തെ സംഗീത മേഖലയിലുള്ള മുതിര്‍ന്ന കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന സംഗീതാര്‍ച്ചനയില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 500ല്‍പ്പരം കലാകാരന്മാര് പങ്കെടുക്കും. 10ന് സംഗീതോത്സവം സമാപിക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാമത് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്കാരം പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്കും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്കാരം കലാരത്നം കെ.ജി.ജയനും(ജയവിജയ)ജനുവരി 10ന് വൈകിട്ട് 6ന് നടക്കുന്ന ചടങ്ങില്‍ നല്‍കും. പ്രശസ്തി പത്രവും ഫലകവും 25001 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
ജനുവരി 8ന് വൈകിട്ട് 7.30ന് പിന്നണി ഗായകന് വി.ദേവാനന്ദ്, ഉദയ്രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭക്തിഗാനാമൃതം, ജനുവരി 9ന് വൈകിട്ട് 6.30ന് വൈക്കം ജയചന്ദ്രന് അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 7.30ന് കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്സ്, പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപം എന്നിവയാണ് പ്രധാന പരിപാടികള്‍. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര് 9746480424 എന്ന നമ്പരില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ പിന്നണിഗായകനായ വി.ദേവനന്ദ്, ദക്ഷിണമൂര്‍ത്തി സംഗീതോത്സവം സ്വാഗതസംഘം ചെയര്മാന് എം.ഈശ്വരയ്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: