ബുള്ളറ്റ് ട്രെയിന്‍ കരാര്‍ ജപ്പാന്

Thursday 10 December 2015 8:49 pm IST

ന്യൂദല്‍ഹി: ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാനുള്ള 98,000 കോടി രൂപയുടെ കരാര്‍ ജപ്പാന്‍ കരസ്ഥമാക്കി. ചൈനയെ പിന്തള്ളിയാണ് ജപ്പാന്‍ കരാര്‍ നേടിയെടുത്തത്. ഇക്കാര്യം ഇന്ന് ഭാരതത്തില്‍ എത്തുന്ന  പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രഖ്യാപിക്കും. പലിശ കുറഞ്ഞ വായ്പ്പ നല്‍കാം, ട്രെയിനിനു വേണ്ട ഘടകഭാഗങ്ങള്‍ മെയ്ക്ക് ഇന്‍ഇന്ത്യ പ്രകാരം ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കാം തുടങ്ങിയ വാഗ്ദാനങ്ങളാണ് ജപ്പാനെ തുണച്ചത്. കൂടാതെ നാലു വര്‍ഷം മുന്‍പുണ്ടായ  ബുള്ളറ്റ് ട്രെയിന്‍ അപകടവും  ചൈനയ്ക്ക്  തിരിച്ചടിയായി. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യം ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുക. 98000 കോടിയുടെ പദ്ധതിക്ക് ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സിസ്റ്റംസിന്റെ മികച്ച സുരക്ഷാ റിക്കാര്‍ഡാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ തലവനായ ബുള്ളറ്റ് ട്രെയിന്‍ സമിതി ചൂണ്ടിക്കാട്ടി. മാത്രമല്ല സര്‍വ്വീസില്‍ ഒരു മിനിറ്റില്‍ കൂടുതല്‍ താമസം ഒരിക്കലും ഉണ്ടായിട്ടുമില്ല. സമിതി വിലയിരുത്തി. രൂപകല്പ്പനയിലെ പാളിച്ചകളും ദുര്‍ബലമായ കൈകാര്യവുമാണ് നാലു വര്‍ഷം മുന്‍പ് ചൈനയില്‍ ബുള്ളറ്റ് ട്രെയിന്‍ ദുരന്തത്തിന് ഇടയാക്കിയത്. ബുള്ളറ്റ് ട്രെയിനിനു വേണ്ട 70മുതല്‍ 80 ശതമാനം ഘടക ഭാഗങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കും. ഇതിനുള്ള സങ്കേതിക സഹായം ജപ്പാന്‍ ഭാരതത്തിന് കൈമാറും. പുറമേ 0.1 ശതമാനം പലിശയ്ക്ക് 50 വര്‍ഷത്തേക്ക് ഭാരതത്തിന് ജപ്പാന്‍ വായ്പ്പയും നല്‍കും. വായ്പ്പയ്ക്ക് പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ മോറട്ടോറിയം ഉണ്ടാകും. മൊത്തം 17000 മുതല്‍ 18000 കോടി രൂപ വരെ ഭൂമിക്ക് ചെലവാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.