തീരദേശ റെയില്‍പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

Thursday 10 December 2015 8:52 pm IST

ആലപ്പുഴ: തീരദേശ റെയില്‍പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹിരി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകുതിയോളം ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റു ജോലികളും സമയബന്ധിതമായിത്തന്നെ തീര്‍ക്കാന്‍ നടപടിയെടുക്കും. ധന്‍ബാദ് എക്‌സ്പ്രസിന്റെ സമയം ക്രമീകരിക്കുന്നതും പരിശോധിക്കും. ആലപ്പുഴ സ്റ്റേഷനിലെ എസ്‌കലേറ്ററിന് ടെണ്ടര്‍ ആയിട്ടുണ്ട്. ഫെബ്രുവരി 28ന് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. തീരദേശ പാതയിലൂടെയുള്ള തീവണ്ടി സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകരിക്കുന്ന രീതിയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നകാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രത്യേക തീവണ്ടിയില്‍ ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങളിലും പരിസരപ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജീവനക്കാര്‍ സംഘടനാ നേതാക്കള്‍, യാത്രക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്നും അദ്ദേഹം പരാതി സ്വീകരിച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ തീരദേശ പാതയിലെ സ്റ്റേഷനുകള്‍ പരിശോധിക്കാനെത്തിയത്. രാവിലെ കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം സ്റ്റേഷനുകളിലെ പരിശോധനയ്ക്കുശേഷമാണ് ആലപ്പുഴയിലെത്തിയത്. ഉച്ചയ്ക്കുശേഷം പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളും സന്ദര്‍ശിച്ചു. തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് ബോധ്യപ്പെട്ടു. നിര്‍മ്മാണപ്രവര്ത്തനങ്ങള്‍. ഒരുകോടി ഇരുപതു ലക്ഷംരൂപയാണ് അനുവദിച്ചിരുന്നത്.മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കരിങ്കല്‍ ഭിത്തിയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. പുന്നപ്രയിലെത്തിയ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് മുന്നില്‍ പരാതിപ്രളയം. വൈകിട്ട് 3.30 ന് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലാണ് ആദ്ദേഹം പുന്നപ്രയിലെത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ തീരദേശപഞ്ചായത്ത് അംഗങ്ങളായ ഉഷ ഫ്രാന്‍സിസ്, കൃഷ്ണപ്രിയ, ലത, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ഭുവനേശ്വരന്‍ തുടങ്ങിയവര്‍ നിവേദനങ്ങള്‍ നല്‍കി. കായംകുളത്തെത്തിയ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് വിവിധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ നിവേദനങ്ങള്‍ നല്‍കി. ഇവ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ പരിശോധിച്ച് സ്റ്റോപ്പ് അനുവധിക്കും. കൂടാതെ റോഡിന്റെ ശോച്യാവസ്ഥയും, പാര്‍ക്കിംഗ് സൗകര്യവും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. അടിപ്പാതയും, അഴുക്കുചാലാല്‍ കടന്നുപോകുന്നതിന് പ്രത്യേക നിര്‍മ്മാണം വേണമെന്നും നിവേദനത്തില്‍ പറയുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ടൗണ്‍ പ്രസിഡന്റ് ദേവരാജന്‍, ജനറല്‍ സെക്രട്ടറി പുളിയറ വേണുഗോപാല്‍, സെക്രട്ടറി രാധേഷ്, രഘു കാശിനാഥന്‍, നഗരസഭാ കൗണ്‍സിലര്‍ രാജേഷ് കമ്മത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത് ജനറല്‍ മാനേജരുടെ ശുചിത്വ അവാര്‍ഡ് ചേര്‍ത്തലയ്ക്ക് ചേര്‍ത്തല: റയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതിന് റയില്‍വേ ജനറല്‍ മാനേജരുടെ അവാര്‍ഡ് ചേര്‍ത്തലയ്ക്ക്. എറണാകുളം മുതല്‍ കായംകുളം വരെയുള്ള റയില്‍പാതകളുടെയും സ്റ്റേഷനുകളുടെയും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി അവാര്‍ഡ് പ്രഖ്യാപിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎല്‍എ നല്‍കിയ നിവേദനം വായിച്ച ജനറല്‍ മാനേജര്‍ ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പു നല്‍കി. അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ റയില്‍വേ മേല്‍പാലം, പഌറ്റ്‌ഫോമുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മേല്‍ക്കൂര നിര്‍മ്മിക്കുക, കഴിവതും ട്രെയിനുകള്‍ ഒന്നാമത്തെ പഌറ്റ് ഫോമില്‍ നിര്‍ത്തുക, സാമൂഹ്യവിരുദ്ധരുടെ ശല്യം ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. സ്റ്റേഷന്‍ പരിസരം നടന്നു കണ്ട ജനറല്‍ മാനേജര്‍ വാഹനപാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ആഞ്ഞിലിപ്പാലം റയില്‍ക്രോസിന് സമീപം സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുക, ട്രെയിന്‍ എത്തുന്ന സമയം ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേഷനില്‍ കയറുന്നതിന് അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വാശ്രയ സംഘങ്ങളും ഓട്ടോറിക്ഷാ തൊഴിലാളികളും നിവേദനവും നല്‍കി. അവാര്‍ഡ് തുക സ്റ്റേഷന്‍ നവീകരണത്തിന് ഉപയോഗിക്കുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സതീഷ് ചന്ദ്രബാബു പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.