കാനറ ബാങ്കില്‍ തീപിടിത്തം; ലക്ഷങ്ങള്‍ നഷ്ടം

Thursday 10 December 2015 9:37 pm IST

തൊടുപുഴ:  നഗര മധ്യത്തില്‍ ബാങ്കിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. തൊടുപുഴ കാഡ്‌സിന് സമീപത്തെ കാനറ ബാങ്കിന്റെ ഓഫീസിനാണ് തീപിടിച്ചത്. ഓഫീസിലെ യുപിഎസ് റൂമിനാണ് തീ പടര്‍ന്നത്. മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ജീവനക്കാര്‍ ഓഫീസ് പൂട്ടി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പുകയുയരുന്ന വിവരം അറിയുന്നത്. സമീപത്തെ വ്യാപാരികളാണ് എറ്റിഎം കൗണ്ടറിന് പിന്‍ഭാഗത്തായുള്ള യുപിഎസ് റൂമില്‍ നിന്നും പുക ഉയരുന്ന വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓഫീസിനുള്ളില്‍ വേഗത്തില്‍ പുക നിറയുകയായിരുന്നു. തൊടുപുഴ ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസര്‍ വിഎന്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണച്ചത്. തീ കത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന രൂക്ഷഗന്ധമുള്ള പുക രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഫയര്‍ഫോഴ്‌സ് എയര്‍സിലിണ്ടര്‍ തുറന്ന് വിട്ടാണ് ഉള്ളിലെ പുക നിയന്ത്രിച്ചത്. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ ധരിച്ച് ഉള്ളില്‍ കയറിയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. തീപിടുത്തത്തെ തുടര്‍ന്ന് ബാങ്കിന് ഏകദേശം നാല് ലക്ഷത്തിന് മുകളില്‍ നഷ്ടം കണക്കാക്കുന്നു. യുപിഎസ് റൂമിലെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംങിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. വിദഗ്തനായ ടെക്‌നീഷ്യന്റെ സഹായത്തോടെ മാത്രമേ ബാങ്കിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നകാര്യം ഉറപ്പാക്കാനാകൂ എന്ന് മാനേജര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് ജീവനക്കാരായ പി വി രാജന്‍, സുബേഷ്, എം ബി ബെന്നി, പി കെ വിജയന്‍, ജിയോ ഫിലിപ്പ്, സുനില്‍ എം കേശവന്‍, ജെയിംസ് പുന്നന്‍ തുടങ്ങിയവരും തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.