കൊടുംകാട്ടില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച തൊഴിലാളിക്ക് അവഗണന

Thursday 10 December 2015 9:47 pm IST

ശബരിമല: കുന്നാര്‍ഡാമിലേക്ക് ബാറ്ററിയുമായി പോകവെ കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജീവന്‍ പണയം വച്ച് രക്ഷിച്ച തൊഴിലാളിക്ക് അവഗണന. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ മധു (ഗിരീഷ്) വിനെ രക്ഷിച്ച ഡോളിത്തൊഴിലാളി വണ്ടിപ്പെരിയാര്‍ മൗണ്ട് എകെജി കോളനിയിലെ പി.പ്രദീപിനോടാണ് അധികൃതരുടെ അവഗണന. കഴിഞ്ഞമാസം 18ന് കുന്നാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി തൊഴിലാളികള്‍ ബാറ്ററിയുമായി പോകുമ്പോഴാണ് രണ്ടാമത്തെ പാലത്തില്‍വച്ച് ഗിരീഷ് ഇരുപതടിയിലേറെ താഴ്ചയിലേക്ക് വീണത്. സംഭവം കണ്ട പ്രദീപും മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് ഗിരീഷിനെ പുറത്തെത്തിച്ചു. കൊടും മഴയില്‍ നൂറുകണക്കിന് അട്ടകളുടെ കടിയേറ്റാണ് പ്രദീപ് അടക്കമുള്ളവര്‍ ഗിരീഷിനെ സുരക്ഷാ സൈനികരുടെ അടുക്കലെത്തിച്ചത്. അട്ടകളുടെ കടിയേറ്റും വഴുതിവീണും പരിക്കേറ്റ പ്രദീപ് ദിവസങ്ങളോളം സന്നിധാനം, പമ്പ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കൊക്കയില്‍ വീണ ഗിരീഷിനെ രക്ഷപ്പെടുത്തിയ പ്രദീപിന് അര്‍ഹമായ സഹായം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സന്നിധാനത്തെ ആശുപത്രിയില്‍ കഴിയുമ്പോള്‍ പോലും ഉദ്യോഗസ്ഥരോ കരാറുകാരനോ എത്തിയില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഭക്ഷണം കഴിച്ചത്. പനി ബാധിച്ച് പമ്പയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇവിടെ വച്ച് ചിലര്‍ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു സഹായവുമുണ്ടായില്ല. കുന്നാര്‍ ഡാമില്‍ ലൈറ്റ് സ്ഥാപിക്കാന്‍ കരാറെടുത്തയാളും തിരിഞ്ഞുനോക്കിയില്ല. അന്നത്തെ അപകടത്തിനുശേഷം പ്രദീപിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗിരീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇയാളുടെ രോഗവിവരം പോലും തിരക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.