പരമ്പരാഗത കാനന പാതയിലൂടെ കാല്‍നടയായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

Thursday 10 December 2015 9:53 pm IST

ശബരിമല: എരുമേലിയില്‍ നിന്നും അഴുത, കരിമല വഴി പമ്പയില്‍ എത്തിച്ചേരുന്ന പമ്പരാഗത കാനനപാതയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നേരിട്ട് പരിശോധന നടത്തി. ആദ്യമായാണ് ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇത്രയും കിലോമീറ്റര്‍ കാനനപാതയിലൂടെ നടന്ന് പരിശോധന നടത്തുന്നത്. ഇന്നലെ രാവിലെ എരുമേലിയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രസിഡന്റ് യാത്ര ആരംഭിച്ചത്. കാളകെട്ടിവരെ വാഹനത്തിലും തുടര്‍ന്ന് നടന്നുമാണ് അദ്ദേഹം പമ്പയില്‍ എത്തിച്ചേര്‍ന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ അഴുതക്കടവില്‍ ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. അഴുത കുളിക്കടവ് നവീകരിക്കുന്നതിനായി 2.4 ലക്ഷം രൂപയുടെ പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുവാനും തീരുമാനമായി. കാനനപാതയില്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രസിഡന്റ് നിര്‍ദേശം നല്‍കി. മേഖലയിലുള്ള ഇക്കോ ടൂറിസം സൊസൈറ്റിയുടെ കീഴിലുള്ള കടകളില്‍ ഏകീകൃത വില നിര്‍ണ്ണയ സംവിധാനം നടപ്പിലാക്കുവാനും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ കടകളോട് ചേര്‍ന്ന് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഓക്‌സിജന്‍ പാര്‍ലറുകളും അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും തീരുമാനമായി. കൂടാതെ ഇവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ചുക്കുവെള്ള വിതരണവും ആരംഭിക്കും. കരിമലയില്‍ അയ്യപ്പസേവ സംഘത്തിന്റെ അന്നദാനത്തിന് ആവശ്യമായ വെള്ളം വനംവകുപ്പിന്റെ ജലസംഭരണിയില്‍ നിന്നും നല്‍കണമെന്നും പ്രസിഡന്റ് പറഞ്ഞു. കരിമലയില്‍ ജീവനക്കാര്‍ക്കായി താല്‍ക്കാലിക ഷെഡും പണിയും. കരിമലയില്‍ തേങ്ങ ഉടയ്ക്കുന്ന സ്ഥലം പുനര്‍നിര്‍മ്മിക്കാനും കാണിക്കമണ്ഡപം പെയിന്റ് അടിച്ച് വൃത്തിയാക്കാനും തീരുമാനിച്ചു. കാനനപാതയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അഞ്ചു ഭാഷകളില്‍ ദിശാനിര്‍ണ്ണയവും സ്ഥലങ്ങളുടെ പ്രാധാന്യവും രേഖപ്പെടുത്താന്‍ തീരുമാനിച്ചു. പരമ്പരാഗത കാനനപാതയിലൂടെ ഭക്തരുടെ വരവ് ഓരോ വര്‍ഷം പിന്നിടുമ്പോഴും വര്‍ദ്ധിക്കുമ്പോഴും ദേവസ്വം ബോര്‍ഡോ, വനംവകുപ്പോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ കാലങ്ങളായി ഉന്നയിച്ചിരുന്നു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഭക്തര്‍. രാവിലെ എരുമേലിയില്‍ നിന്ന് പുറപ്പെട്ട പ്രസിഡന്റും സംഘവും വൈകിട്ട് ആറിന് പമ്പയില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പം ചീഫ് എഞ്ചിനീയര്‍ ബി. മുരളീകൃഷ്ണന്‍, എസ്റ്റേറ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൃഷ്ണകുമാര്‍ തുടങ്ങിയ ദേവസ്വം ഉന്നത ഉദ്യോഗസ്ഥരും വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ എസ് .സന്ദീപും മറ്റ് വനം വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.