ആദിവാസികള്‍ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു

Thursday 10 December 2015 10:00 pm IST

കല്‍പ്പറ്റ: സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2014ല്‍ അവസാനിപ്പിച്ച നില്‍പ്പ് സമരം പുനരാരംഭിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും ആദിവാസി ഊരുവികസന മുന്നണിയും തീരുമാനിച്ചു. ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് ജനുവരി ഒന്നുമുതല്‍ സമരം പുനരാരംഭിക്കുക. ഇതിനുമുന്നോടിയായി ഈ മാസം 17ന് വയനാട് കളക്‌ട്രേറ്റിന് മുന്നില്‍ സൂചനാ നില്‍പ്പുസമരം നടത്തും. മന്ത്രിസഭ കൈകൊണ്ട തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ആറുമാസം നീണ്ട സമരം നിര്‍ത്തിവെച്ചത്. ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,600 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പതിച്ചുനല്‍കുക, ആദിവാസി മേഖലകള്‍ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, മുത്തങ്ങയില്‍നിന്ന് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുക, ജയിലിലടക്കപ്പെട്ട കുട്ടികള്‍ക്കും അതിക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം നല്‍കുക, അട്ടപ്പാടിയിലെ ശിശുമരണത്തിന് അറുതിവരുത്തുക, കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുക, തുടങ്ങിയവയാണ് നില്‍പ്പ് സമരത്തില്‍ ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ആദിവാസി ഭൂമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുത്തങ്ങസമരത്തിലെ 150 കുട്ടികളില്‍ 26 പേര്‍ക്കുമാത്രമാണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിനും അതിക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ആദിവാസി ഭൂമി അന്യാധീനപ്പെട്ട അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 9000 ഏക്കറോളം ഭൂമി പതിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശിശുമരണം തുടരുകയാണ്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, സംസ്ഥാന അദ്ധ്യക്ഷ സി. കെ. ജാനു തുടങ്ങിയവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.