കാനനപാതയുടെ അവകാശം ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കണം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

Thursday 10 December 2015 10:38 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പരമ്പരാഗത കാനനപാതയുടെ അവകാശം ദേവസ്വം ബോര്‍ഡിന് വിട്ടു നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതിനുശേഷം എരുമേലിയിലെത്തിയ അദ്ദേഹം കാനനപാതയിലെ സൗകര്യങ്ങള്‍ പഠിക്കുന്നതിനായി കോയിക്കക്കാവില്‍ എത്തി ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു. കാനനപാതയില്‍ വെളിച്ചമില്ല, വെള്ളവുമില്ല. ശൗചാലയത്തില്‍ പോകുന്നതിനും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. മരംമുറിച്ചോ, റോഡ് വെട്ടിയോ അല്ലാതെ നിലവിലുള്ള കാനനപതായില്‍ തീര്‍ത്ഥാടനകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കാനനപാതയുടെ അവകാശം ബോര്‍ഡിന് വിട്ടുനല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രമുള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത് ഹൈപവര്‍ കമ്മറ്റിയാണ്. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ തേടി പ്രധാനപ്പെട്ട ഹൈപവര്‍ കമ്മറ്റിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയതിനുശേഷമാകും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി മാതൃകാ സ്ഥാനമാണ്. എന്നാല്‍ വികസനകാര്യത്തില്‍ വേണ്ടത്ര പരിഗണന വിനിയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയില്‍ തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന മൈതാനങ്ങള്‍ ശോചനീയം തന്നെയാണ്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ എരുമേലിയെക്കൂടി ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കാനനപാതയില്‍ വനംവകുപ്പ് നല്‍കിയിരിക്കുന്ന കടകളില്‍ മാത്രമാണ് വെളിച്ചമുള്ളത്. കിലോമീറ്ററുകള്‍ നടക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വെളിച്ചത്തിനായി ഓരോ കിലോമീറ്റര്‍ ദൂരത്തിലാണ് അധികൃതര്‍ വെളിച്ചം സ്ഥാപിച്ചിരിക്കുന്നതെന്നും സംഘം കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളും ക്ഷേത്രവികസനവും നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നതെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. കാനന പാതയിലെ ദുരിതങ്ങള്‍ പഠിക്കാന്‍ ചീഫ് എന്‍ജിനീയറും മറ്റ് ഉദ്യോഗസ്ഥരും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജും ദേവസ്വം പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.