പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; സുരക്ഷാവലയത്തില്‍ കൊല്ലം

Friday 11 December 2015 12:40 am IST

കൊല്ലം: മുന്‍മുഖ്യമന്ത്രിയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ  നായകനുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണത്തിന് കൊല്ലം എസ്എന്‍ കോളജിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 15ന് ഉച്ചക്ക് 2.35ന് എറണാകുളത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ആശ്രാമം മൈതാനത്തെത്തുന്ന പ്രധാനമന്ത്രി കൃത്യം 2.40ന് കോളജിലെത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വേദിയും പരിസരവും നിരീക്ഷിച്ച് വരികയാണ് എന്‍എസ്ജി. സംസ്ഥാന പോലീസ് മേധാവി സെന്‍കുമാറും എഡിജിപി പത്മകുമാറും ഇന്നലെ കൊല്ലത്തെത്തി ക്രമീകരണങ്ങള്‍ പരിശോധിച്ചു. 15ന് ഒരുമണിക്കൂര്‍ നേരമാണ് നരേന്ദ്രമോദി എസ്എന്‍കോളജില്‍ ചിലവഴിക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച ആര്‍.ശങ്കറിന്റെ പൂര്‍ണകായപ്രതിമയുടെ അനാവരണത്തിന് പുറമെ ലാ കോളജിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ സമര്‍പ്പണവും ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ പ്രധാനമന്ത്രിക്ക് ഉപഹാരം സമ്മാനിക്കും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, പി.കെ.ഗുരുദാസന്‍ എംഎല്‍എ, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, തുഷാര്‍ വെള്ളാപ്പള്ളി, ഡോ.ജി. ജയദേവന്‍, മോഹന്‍ശങ്കര്‍, എസ്.സുവര്‍ണകുമാര്‍, പ്രൊഫ.കെ.ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് കോളജില്‍ സജ്ജമാക്കുന്നത്. പരിപാടി തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് തന്നെ യോഗസ്ഥലത്ത് പ്രവേശിക്കണം. ശക്തമായ പരിശോധനകള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടക്കും. 12 മെറ്റല്‍ ഡിറ്റക്ടറുകളാണ് സമ്മേളനസ്ഥലത്ത് സ്ഥാപിക്കുന്നത്. പ്രധാനഗേറ്റിലൂടെയാണ് പ്രധാനമന്ത്രി അകത്തേക്ക് പ്രവേശിക്കുന്നത്. പീരങ്കിമൈതാനത്തിന്റെ അതിര്‍ത്തിയിലായി കോളജിന്റെ മതില്‍ പൊളിച്ചുണ്ടാക്കുന്ന പ്രത്യേക കവാടത്തിലൂടെയായിരിക്കും പൊതുജനങ്ങള്‍ക്ക് യോഗസ്ഥലത്തേക്ക് പ്രവേശനം നല്‍കുക. പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ലഷ്‌കര്‍‘ഭീകരര്‍ രാജ്യത്ത് കടന്നിരിക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്രസേനയുടെ ഭാഗത്തുനിന്നും ഒരുക്കിയിട്ടുള്ളത്. കൊല്ലത്തുനിന്ന് പുറപ്പെടുന്ന മോദി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം വര്‍ക്കയിലെത്തി ശിവഗിരി മഠം സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.