ലോക്പാല്‍ ബില്‍ സഭയില്‍ ; പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷം

Thursday 22 December 2011 10:41 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഇന്നലെ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ല്‌ അവതരിപ്പിച്ച്‌ നിമിഷങ്ങള്‍ക്കകമാണ്‌ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ ഈ ആവശ്യമുന്നയിച്ചത്‌. ഇപ്പോഴത്തെ രൂപത്തില്‍ ബില്ലിനെ അംഗീകരിക്കില്ലെന്നും പുതുക്കിയ ബില്ല്‌ അവതരിപ്പിക്കണമെന്നും സുഷമ നിര്‍ദ്ദേശിച്ചു. നിയമപരമായി ഒരുപാട്‌ പിഴവുകളുള്ള ബില്ല്‌ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്‌ തന്നെ എതിരാണെന്നും അവര്‍ കുറ്റപ്പെടുത്തി. ലോക്പാല്‍ സംവിധാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌. 50 ശതമാനത്തില്‍ കുറയാത്ത സംവരണം എന്ന്‌ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. മതപരമായ സംവരണം ഭരണഘടനാപരമായ നയത്തിന്‌ എതിരാണ്‌. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതാണ്‌ ബില്ലിലെ വ്യവസ്ഥകള്‍, സുഷമാസ്വരാജ്‌ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ രൂപത്തില്‍ ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ വിമര്‍ശിച്ചു. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തിലാണ്‌ ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മുതിര്‍ന്ന മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ലോക്പാല്‍ സമിതിയില്‍ സംവരണമില്ലാത്തതിനെ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ എതിര്‍ത്തതിനെത്തുടര്‍ന്നാണ്‌ സംവരണം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌. ലോക്പാല്‍ സമിതിയില്‍ മതസംവരണം ഏര്‍പ്പെടുത്തുന്നത്‌ നിയമപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന്‌ കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ച എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ്‌ പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാന്‍ മാത്രമേ ഭരണഘടന അനുവദിക്കുന്നുള്ളൂ എന്ന്‌ ബിജെപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ന്യൂനപക്ഷ പ്രീണനത്തിന്‌ വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ്‌ എംപിമാരും നേതാക്കളും സംവരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ നിലപാട്‌ മാറ്റുകയായിരുന്നു. ഇതിനിടെ, പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ല്‌ ജനവിരുദ്ധവും അപകടകരവുമാണെന്ന്‌ വിശേഷിപ്പിച്ച്‌ അണ്ണാ ഹസാരെ സംഘം തള്ളി. സിബിഐയെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും ഹസാരെ സംഘം ആവശ്യപ്പെട്ടു. ആഗസ്റ്റ്‌ മാസത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനേക്കാള്‍ വഷളായതാണ്‌ പുതിയ ലോക്പാല്‍ ബില്ലെന്ന്‌ ഹസാരെ സംഘാംഗം അരവിന്ദ്‌ കേജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. "പുതിയ ബില്ലനുസരിച്ച്‌ ലോക്പാലിന്റെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിനാവും. സമിതിയംഗങ്ങളെ സ്വന്തം നിലക്ക്‌ നിയമിക്കാനും മാറ്റാനും സര്‍ക്കാരിനാവും. ആഗസ്റ്റ്‌ മാസത്തില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനെക്കാള്‍ മോശമാണിത്‌. ഞങ്ങളിത്‌ തള്ളുകയാണ്‌. ബില്ല്‌ പിന്‍വലിച്ച്‌ പുതിയ ബില്ല്‌ അവതരിപ്പിക്കണം," കേജ്‌രിവാള്‍ പറഞ്ഞു. ജനവിരുദ്ധവും അപകടകരവുമായ പുതിയ ബില്ല്‌ ജനങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. പത്ത്‌ ശതമാനം രാഷ്ട്രീയ നേതാക്കളും അഞ്ച്‌ ശതമാനം ഉദ്യോഗസ്ഥരും മാത്രമാണ്‌ പുതിയ ബില്ലിന്റെ പരിധിയില്‍ വരുന്നത്‌. വമ്പന്‍ കമ്പനികളെ ഒഴിവാക്കിയിരിക്കുന്നു. "അമ്പലങ്ങള്‍, പള്ളികള്‍, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ക്രിക്കറ്റ്‌ ക്ലബുകള്‍, ഗുരുദ്വാരകള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവ ബില്ലിന്റെ പരിധിയില്‍ വരുന്നു. ഡോക്ടര്‍മാരും പൂജാരിമാരും മൗലാനമാരുമൊക്കെ പൊതുജീവനക്കാരായാണ്‌ പരിഗണിക്കുന്നത്‌. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊഴികെയുള്ളവരാണ്‌ സര്‍ക്കാരിന്റെ കണ്ണില്‍ അഴിമതിക്കാര്‍," കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.