ജീവനക്കാരില്ല; ദേവസ്വം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയില്‍

Friday 11 December 2015 1:22 pm IST

കരുനാഗപ്പള്ളി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പലക്ഷേത്രങ്ങളിലും സബ് ഗ്രൂപ്പ് ഓഫീസര്‍മാരോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതായിട്ട് മാസങ്ങളായി. ഇതുവരെയും നിയനം നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍പ്പെട്ട ആദിനാട് ശക്തികുളങ്ങര, പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍പ്പടെ നാലോളം സബ് ഗ്രൂപ്പുകളിലാണ് സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ ഇല്ലാതായിട്ട് മാസങ്ങളായത്. ഇവിടങ്ങളിലിപ്പോള്‍ മറ്റ് ക്ഷേത്ര ചുമതലയുള്ളവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതുമൂലം നൂറുകണക്കിന് ഭക്തര്‍ വന്ന് പോകുന്ന ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കൂടാതെ ശബരിമലയിലേക്ക് ഇവിടങ്ങളില്‍ നിന്നും ജീവനക്കാരെ നിയമിച്ചതും ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ നാലും അഞ്ചും ക്ഷേത്രങ്ങളുടെ ചുമതല ഒരാള്‍ക്കാണ്. ക്ഷേത്രങ്ങളുടെ മറ്റു ജീവനക്കാരുടെ കാര്യവും മറിച്ചല്ല. രണ്ട് വാച്ചര്‍മാരുണ്ടായിരുന്ന പല നിയന്ത്രണങ്ങളിലും ഒരു വാച്ചര്‍മാരായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കൂടാതെ പഞ്ചവാദ്യം, അടിച്ചുതളി, കഴകം തുടങ്ങി മിക്ക ജോലികളും പകരക്കാരാണ് ചെയ്തു വരുന്നത്. നൂറുകണക്കിന് ഒഴിവുകളാണ് ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ളത്. കുറച്ച് മാസം കൂടി കഴിയുമ്പോള്‍ നിലവിലെ മിക്ക ജീവനക്കാരും വിരമിക്കുകയാണ്. അപ്പോള്‍ പിന്നെ എണ്ണം ഇതിലും കുറയും. മാറിമാറി വരുന്ന മുന്നണിരാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങള്‍ പേറി ക്ഷേത്രആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിച്ച് നോക്കിനടത്തുവാന്‍ പോലും ഇത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. ക്ഷേത്രത്തില്‍ വരുന്ന കോടികണക്കിന് രൂപയ്ക്ക് കണക്കു പറയുന്ന ഇവര്‍ ആദ്യം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം കാര്യമായി നടത്തണമെന്നാണ് ഭക്തരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.