വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസഹായം

Saturday 12 December 2015 7:48 am IST

ന്യൂദല്‍ഹി: കേരളത്തിലെ അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാ ഫണ്ടില്‍ നിന്നും കേന്ദ്രകൃഷിവകുപ്പ് സംസ്ഥാനത്തിന് ധനസഹായം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിതല സംഘവും കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം. 500 കോടി രൂപയാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്ന തുക. ഇതില്‍ നിന്നാണ് കേരളത്തിന് പണം ലഭിക്കുക. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസഹായം നല്‍കുന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. തീരദേശ നിയന്ത്രണ നിയമത്തില്‍ ഇളവ് അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ രണ്ടായിരം കിലോ മീറ്റര്‍ വരുന്ന ഗ്രാമീണ റോഡുകളെ പ്രധാനമന്ത്രി ഗ്രാണീണ സടക് യോജന (പിഎംജിഎസ്‌വൈ) യില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് കേന്ദ്രഗ്രാമവികസനമന്ത്രി ചൗധരി ബീരേന്ദ്രസിങ് കേരളാ മന്ത്രിതലസംഘത്തെ അറിയിച്ചു. നിലവില്‍ 567 കിലോമീറ്ററാണ് പദ്ധതിയിലുള്ളത്. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 151 കോടി രൂപയും പാസാക്കി. ഇതോടെ നേരത്തെ ലഭിച്ചതടക്കം 300 കോടി രൂപയാണ് ഗ്രാമീണ റോഡുവികസനത്തിന് ഈവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അവശ്യമരുന്നുകള്‍ ഉള്‍പ്പെട അറുനൂറോളം മരുന്നുകളെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി അനന്ത്കുമാറുമായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. പി.എം.എസ്.എസ്.വൈ പദ്ധതി പ്രകാരം ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് 120 കോടി രൂപയുടെ ഫണ്ട് വീതം അനുവദിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കേരള സംഘത്തെ അറിയിച്ചു. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനുള്ള ഫണ്ട് ഉടനെ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള സംസ്ഥാന ആരോഗ്യ മേഖലയിലെ പ്രധാന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം കേന്ദ്ര ആരോഗ്യമന്ത്രിക്ക് കേരളം സമര്‍പ്പിച്ചു. കേരളത്തിലെ കാവുകളില്‍ ഔഷധകൃഷി നടത്താന്‍ 1.35 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചതായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് യശോ നായിക് അറിയിച്ചു. ഉടന്‍തന്നെ തുക സംസ്ഥാനത്തിന് അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ-നാച്ചുറോപ്പതി സ്ഥാപിക്കുക, ഔഷധ സസ്യങ്ങള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിനല്‍ പ്ലാന്റ് സ്ഥാപിക്കുക, തിരുവനന്തപുരം ആയുര്‍വേദ കോളേജിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. പ്രധാനമന്ത്രിക്ക് കേരളം 12 ഇന ആവശ്യങ്ങള്‍ സമര്‍പ്പിച്ചു ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും അടക്കം പന്ത്രണ്ടിന ആവശ്യങ്ങള്‍ കേരളം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്ഥിരമായ പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതു മാത്രമാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പുതിയ ഡാമിനുവേണ്ടിയുള്ള പാരിസ്ഥിതികാഘാത പഠനത്തിനേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ പരിസ്ഥിതിമന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണം, ദേശീയ-അന്തര്‍ദ്ദേശീയ വിദഗ്ധസംഘത്തെ വെച്ച് ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച പഠനം നടത്തണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി മോദിയോട് ഉന്നയിച്ചു. കേരളത്തിന്റെ പ്രശ്‌നം പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, കെ.ബാബു, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച മറ്റ് പ്രധാന വിഷയങ്ങള്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കണം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് തീരദേശ നിയന്ത്രണമേഖല സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കണം. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം. പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 420 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിക്കണം. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ഭക്ഷ്യധാന്യങ്ങളുടെ വാര്‍ഷിക വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 16.25 ലക്ഷമാക്കി ഉയര്‍ത്തുക. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അനാഥാലയങ്ങളെ ഉള്‍പ്പെടുത്തുക. കേരളത്തില്‍ 60,000 പേരാണ് അനാഥാലയങ്ങളിലുള്ളത്. ഇവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി 2016-17 ബജറ്റില്‍ തുക വകയിരുത്തുക. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ സര്‍വ്വീസ് വേഗത്തിലാക്കുക. വയനാട്ടിലെ ഗിരിവര്‍ഗ്ഗക്കാരുടെ പുനരധിവാസഫണ്ട് വിതരണം ചെയ്യുക. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുക. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുക. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിനെ ദേശീയ സെന്ററാക്കി ഉയര്‍ത്തുക. മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജിയണല്‍ സെന്ററാക്കുക. എയര്‍ കേരളയ്ക്ക് അനുമതി. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി നിയന്ത്രണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.