ചെങ്ങന്നൂരില്‍ മോഷണസംഘം പിടിയില്‍; വാഹനാപകടക്കേസും തെളിഞ്ഞു

Friday 11 December 2015 7:16 pm IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വന്‍ ബൈക്ക് ക്ഷേത്ര മോഷണ സംഘത്തെ പിടികൂടി. മുളക്കുഴ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍ സുരേഷി(20)ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്. മുളക്കുഴയിലെ ആക്രിക്കടയില്‍ നിന്നും ചെമ്പുകമ്പികള്‍ മോഷ്ടിച്ച് കടത്തുന്നതിനിടെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍മോഷണപരമ്പരയുടെ ചുരുളഴിയുന്നത്. ഇവര്‍ നേരത്തെ നടത്തിയ ഇരുചക്ര വാഹനങ്ങള്‍, ക്ഷേത്ര കാണിക്കവഞ്ചി ഉള്‍പ്പെടെയുള്ള മോഷണങ്ങളെയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍പ്പെട്ട പതിനേഴുകാരായ രണ്ട് വിദ്യാര്‍ത്ഥികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 26ന് മുളക്കുഴ പള്ളിപ്പടി ജങ്ഷനില്‍ മുളക്കുഴ കല്ലുംപുറത്ത് വീട്ടില്‍ ശിവരാമന്‍ വാഹനപകടത്തില്‍ മരിച്ച കേസില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷപെട്ടിരുന്നു. ഇപ്പോള്‍ പിടിയിലായ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് ഇതോടെ തെളിഞ്ഞു. അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്നും നേരത്തെതന്നെ പരാതിയുണ്ടായിരുന്നതായും പോലീസ് പറയുന്നു. അന്ന് അപകടം നടക്കുമ്പോള്‍ ഇപ്പോള്‍ പിടിയിലായ മുഖ്യപ്രതി സുരേഷിനൊപ്പം പതിനേഴുകാരനും ബൈക്കിലുണ്ടായിരുന്നു. അപകടം നടന്ന ഉടനെ പരിക്കേറ്റ ശിവരാമനെ നാട്ടുകാര്‍ വാഹനത്തില്‍ കയറ്റുന്നതിനിടയില്‍ സംഘം സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ ബൈക്ക്‌നമ്പര്‍ സഹിതം പരാതി നല്‍കിയിരുന്നു. ഇതേസമയം വാഹനം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഉടമസ്ഥനും സ്റ്റേഷനില്‍ എത്തി. ചെങ്ങന്നൂര്‍ കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും ചെങ്ങന്നൂര്‍ നഗരത്തില്‍ കടകളും കുരിശടികളും കുത്തിത്തുറന്ന കേസിലും സംഘം പ്രതികളാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ കൊഴുവല്ലൂരില്‍ അടുത്തകാലത്തായി ഇരുചക്രവാഹനങ്ങളും സൈക്കിളുകളും മോഷണം പോകുന്നത് പതിവായിരുന്നു. ഇവ ഏതെങ്കിലും വിജനമായ സ്ഥലത്ത് ഒളിപ്പിച്ച് വെച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തി വില്പന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്. സ്‌കൂള്‍ കുട്ടികളെ ശല്യം ചെയ്ത സംഭവത്തിലും സംഘത്തിനെതിരെ പരാതിയുണ്ടെന്നും ഒറ്റയ്ക്ക് നടന്ന് പോകുന്ന സ്ത്രീകളുടെ മാല പറിക്കാന്‍ മുഖ്യ പ്രതിയായ സുരേഷ് ഉള്‍പ്പെട്ട സംഘം പലവട്ടം ശ്രമിച്ചതായും പോലീസ് പറയുന്നു. എസ്‌ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ കുടുക്കിയത്. എഎഎസ്‌ഐമാരായ ഉപേശന്‍, ദിലീപ്, ഷൈല കുമാര്‍, ഷൈബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.