അക്ഷരങ്ങളുടെ സ്നേഹഭാജനം

Thursday 22 December 2011 9:41 pm IST

മലയാള വിമര്‍ശന സാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ്‌ പ്രൊഫ.എം.കെ.സാനു എന്ന സാനുമാഷ്‌. "നിശബ്ദതയ്ക്ക്‌, മൗനത്തിന്‌ നല്‍കുന്ന രൂപശില്‍പമാണ്‌ വിമര്‍ശനം. അത്‌ നല്‍കുന്നതിന്‌ ബുദ്ധിപരമായ വിശകലനവും ക്രമീകരണവും കൂടിയേതീരൂ. അവനവന്റെ ആത്മാവിനെ കൃതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആത്മപരിശോധനയാണത്‌. ആത്മ നിഷ്ഠമായ ഒരനുഭവത്തെ വസ്തുനിഷ്ഠമായി ആവിഷ്കരിക്കുന്ന ഒരു പ്രക്രിയയാണ്‌ അവിടെ നടക്കുന്നത്‌..." വിമര്‍ശനത്തെക്കുറിച്ച്‌ എം.കെ.സാനുവിന്റെ വിലയിരുത്തലിങ്ങനെയാണ്‌. ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ സാനുമാഷിന്‌ നല്‍കുമ്പോള്‍ അത്‌ മലയാള വിമര്‍ശന സാഹിത്യത്തിന്‌ നല്‍കുന്ന പുരസ്കാരമാണ്‌. 'ബഷീര്‍ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന ഗ്രന്ഥമാണ്‌ പുരസ്കാരത്തിന്‌ അര്‍ഹമായത്‌. ബഷീറിെ‍ന്‍റ സര്‍ഗാത്മകലോകവും ജീവിത ദര്‍ശനങ്ങളും കാവ്യഭാഷയിലൂടെ സൂക്ഷ്മമായി നിരൂപണം ചെയ്യുന്നതില്‍ പ്രൊഫ. എം. കെ.സാനു വിജയിച്ചതായാണ്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിലയിരുത്തല്‍. ഭാഷയുടെ പ്രസാദാത്മകതയും ആര്‍ജവവുമാണ്‌ സാനുമാഷിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത്‌. സമകാലിക നിരൂപകരില്‍ പലരും എഴുത്തിലെ ഉപരിപ്ലവ സൗന്ദര്യത്തിനു പ്രമുഖ്യം നല്‍കിയപ്പോള്‍ മാഷ്‌ രചനയുടെ ആന്തരികസൗന്ദര്യത്തിനാണ്‌ ഊന്നല്‍ നല്‍കിയതെന്ന പ്രത്യേകതയാണ്‌ അദ്ദേഹത്തിന്റെ രചനയ്ക്കുള്ളത്‌. മലയാള ജീവചരിത്രശാഖയെ ഇത്രമാത്രം സര്‍ഗാത്മകമാക്കിയ മറ്റൊരു എഴുത്തുകാരനുണ്ടോയെന്നു സംശയം. ഓര്‍മക്കുറിപ്പുകള്‍, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി സാനു മാഷിന്റെ കയ്യൊപ്പു പതിഞ്ഞ രചനാമേഖലകള്‍ നിരവധിയാണ്‌. വിവര്‍ത്തന രംഗത്തും മാഷ്‌ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌. വിമര്‍ശനം സാഹിത്യത്തിലെ വേറിട്ടൊരു മേഖലയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അധ്യാപകന്‍, നിരൂപകന്‍, സാമൂഹിക ചിന്തകന്‍, പത്രാധിപര്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുതലങ്ങളില്‍ അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചു. 1928 ഒക്ടോബര്‍ 27ന്‌ കെ. പി. ഭവാനിയുടെയും എം. സി.കേശവെ‍ന്‍റയും മകനായി ആലപ്പുഴയിലാണ്‌ എം.കെ.സാനു ജനിച്ചത്‌. കര്‍മഗതി (ആത്മകഥ), നാരായണഗുരു സ്വാമി, സഹോദരന്‍ അയ്യപ്പന്‍, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, പ്രഭാതദര്‍ശനം, രാജവീഥി, അവധാരണം, ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, എന്നിവയാണ്‌ അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ്‌, പത്മപ്രഭാ പുരസ്കാരം എന്നിവയും സാനുമാഷിനെ തേടിയെത്തിയിട്ടുണ്ട്‌. പ്രസംഗ കലയില്‍ വിശിഷ്ട ശൈലിയുടെ ഉടമയാണ്‌ സാനുമാഷ്‌. സി.പി.രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍വാദം ശക്തിപ്പെട്ടപ്പോള്‍ അതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിയായാണ്‌ അദ്ദേഹം പ്രസംഗവേദിയില്‍ ആദ്യമായെത്തുന്നത്‌. ആശയത്തിന്റെ ആത്മാര്‍ത്ഥതയാണ്‌ പ്രസംഗത്തിന്റെ ശക്തിയെന്ന്‌ അദ്ദേഹം വിശ്വസിക്കുകയും അത്തരത്തില്‍ ആത്മാര്‍ത്ഥമായ സമീപനം പിന്തുടരുകയും ചെയ്യുന്നു. സാഹിത്യ സാംസ്കാരിക രംഗത്തു മാത്രമല്ല, രാഷ്ട്രീയരംഗത്തും തന്റെ സാന്നിധ്യം തെളിയിക്കാന്‍ സാനുമാഷിനായി. എന്നാല്‍ നിയമസഭാംഗമായ അദ്ദേഹത്തിന്‌ അതിനു പറ്റിയ ആളല്ല താനെന്ന ബോധം ഉണ്ടായിരുന്നു. കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലത്ത്‌ ഭരണ രംഗത്തെ അഴിമതിയെയും പ്രതിലോമ നയങ്ങളെയും എം.കെ.സാനുവും ശക്തിയായി എതിര്‍ത്തിരുന്നു. അത്തരം പ്രസംഗങ്ങളും എഴുത്തുമാണ്‌ അദ്ദേഹത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെത്തിച്ചത്‌. സുഹൃത്തുക്കളുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം കൂടിയായപ്പോള്‍ എം.കെ.സാനുവെന്ന സാനുമാഷ്‌ കേരളാ നിയമസഭയില്‍ അംഗമായി. പതിനായിരത്തിലേറെ വോട്ടിന്‌ അദ്ദേഹം എറണാകുളത്തു നിന്ന്‌ ജയിച്ചപ്പോള്‍ അതൊരു ചരിത്രവുമായി. അതിനു മുമ്പോ അതിനു ശേഷമോ എറണാകുളത്തു നിന്ന്‌ ഒരു ലത്തീന്‍ ക്രിസ്ത്യാനിയോ കോണ്‍ഗ്രസ്സുകാരനോ അല്ലാത്ത ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ല. എഴുത്തുകാര്‍ ആദര്‍ശബോധമുള്ളവരായിരിക്കണമെന്ന പക്ഷക്കാരനാണ്‌ സാനുമാഷ്‌. വിമര്‍ശിക്കുമ്പോള്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന പക്ഷമാണദ്ദേഹത്തിനുള്ളത്‌. നോവല്‍, കഥ എന്നിവയില്‍ കഥയുടെ അംശം കുറഞ്ഞു വരുന്നുവെന്നും കവിതയില്‍ കാവ്യാംശം ഇല്ലാതായെന്നും വിലപിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട്‌. വായനക്കാരന്റെ മനസ്സിലേക്ക്‌ നേരിട്ട്‌, ആഴത്തില്‍ കടന്നു ചെല്ലുന്നതാകണം സാഹിത്യ രചനകളെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാല്‍ തന്നെ ദുര്‍ഗ്രാഹ്യമായ രചനാശൈലിയോടും സാഹിത്യത്തിലെ ആധുനിക, ഉത്തരാധുനിക പ്രവണതകളോടും അദ്ദേഹം എന്നും കലഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്‌ 'ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന കൃതിക്കാണെങ്കിലും സാനുമാഷിന്റെ മികച്ച രണ്ടു പുസ്തകങ്ങളായി വിലയിരുത്താന്‍ കഴിയുന്നത്‌ "ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജന"വും, "ശ്രീനാരായണ ഗുരുസ്വാമി" എന്ന പുസ്തകവുമാണ്‌. മലയാളികളുടെ മനസ്സില്‍ എന്നും നക്ഷത്രമായി വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ളതാണ്‌ "ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജനം". 1988 ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക്‌ വയലാര്‍ പുരസ്കാരം ലഭിച്ചു. നാരായണ ഗുരുസ്വാമിയെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥം ഗുരുദേവനെക്കുറിച്ച്‌ മലയാളത്തിലിറങ്ങിയ ഏറ്റവും മഹത്തായ കൃതിയാണ്‌. വിമര്‍ശകനും സാഹിത്യകാരനാണന്ന്‌ വാദിക്കുന്നയാളാണ്‌ അദ്ദേഹം. അങ്ങനെയല്ലെന്ന്‌ വാദിക്കുന്നവരുള്ളപ്പോഴാണ്‌ സാനുമാഷിന്റ വാദത്തിന്‌ പ്രസക്തിയുണ്ടാകുന്നത്‌. നല്ല വിമര്‍ശന കൃതികള്‍ വായിക്കുന്നതിലൂടെ സാഹിത്യാസ്വാദകന്റെ മനസ്സും നിലവാരവും വികസിക്കുന്നു. ദീര്‍ഘകാലത്തെ സാഹിത്യാദ്ധ്യാപന പാരമ്പര്യവും സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആഴമേറിയ അവബോധവും എം.കെ.സാനുവിലെ വിമര്‍ശകനെ നിര്‍ണ്ണയിച്ച ഘടകങ്ങളാണ്‌. ഭാരതീയവും പാശ്ചാത്യവുമായ കാവ്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള വിശദമായ ധാരണയും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ ഉള്‍ക്കട്ടി നല്‍കി. വിമര്‍ശനത്തിന്‌ ഹിംസാത്മക തലം നല്‍കാനല്ല അദ്ദേഹം ശ്രമിച്ചിട്ടുള്ളത്‌. പകരം രചനാത്മകതലമാണ്‌ അദ്ദേഹം നല്‍കിയത്‌. മഹത്തായ കൃതികളിലേക്ക്‌ വായനക്കാരനെ അടുപ്പിക്കാനും ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാനുമാണ്‌ സാനുമാഷ്‌ എന്നും ശ്രമിച്ചിട്ടുള്ളത്‌. ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചനയില്‍ പോലും അദ്ദേഹം വിമര്‍ശനവും വിശകലനവുമാണ്‌ നിര്‍വ്വഹിക്കുന്നത്‌. ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'ബഷീര്‍ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന കൃതി വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതത്തെക്കുറിച്ചുള്ള കൃതിയെന്നതിലുപരി അദ്ദേഹത്തിന്റെ സാഹിത്യത്തക്കുറിച്ചുള്ള വിമര്‍ശനമാണ്‌ കൂടുതല്‍ ഉന്നയിക്കുന്നത്‌. ബഷീര്‍ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രചനാ വൈഭവത്തെയും അടുത്തറിയാനും സൂക്ഷ്മമായി വിലയിരുത്താനും ഉപയുക്തമായ തരത്തിലാണ്‌ സാനുമാഷ്‌ ഇത്‌ തയ്യാറാക്കിയിരിക്കുന്നത്‌. മലയാളിയുടെ സാഹിത്യാസ്വാദനത്തിന്റെയും സൗന്ദര്യ ചിന്തയുടെയും മിന്നിത്തിളങ്ങുന്ന തേജസ്സാണ്‌ എം.കെ.സാനു. ലോകമെങ്ങുമുള്ള സാഹിത്യ കൃതികളാകുന്ന നക്ഷത്രങ്ങളെ വായനക്കാരനു പരിചയപ്പെടുത്തിയ മലയാളിയുടെ സ്വന്തം സ്നേഹഭാജനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.