ഐഎസ് ബന്ധം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അറസ്റ്റില്‍

Friday 11 December 2015 10:37 pm IST

ജയ്പ്പൂര്‍: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഐഎസില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) മാര്‍ക്കറ്റിങ് (സെയില്‍സ്) മാനേജര്‍ മുഹമ്മദ് സിറാജുദ്ദീന്‍ അറസ്റ്റില്‍. ജയ്പ്പൂര്‍ ഐഒസിയിലെ മാനേജരായിരുന്ന ഇയാള്‍ കര്‍ണ്ണാടകത്തിലെ ഗുല്‍ബര്‍ഗ എംബിനഗര്‍ സ്വദേശിയാണ്. 33 കാരനായ ഇയാള്‍ 2014 മുതല്‍ ജയ്പ്പൂരില്‍ താമസിക്കുകയാണ്. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പുകളെയും ഫോറങ്ങളെയും ഉപയോഗിച്ച് ഇയാള്‍ മുസഌം യുവാക്കളില്‍ വിഷം കുത്തിവച്ച് അവരെ ഐഎസില്‍ ചേര്‍ക്കാന്‍ പ്രേരിപ്പിച്ച് വരികയായിരുന്നു. ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാള്‍ ഐഎസിലേക്ക് ആളെച്ചേര്‍ക്കുകയായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും അടക്കം ഇയാള്‍ നിരവധി ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് അഡീ. ഡിജിപി അലോക് ത്രിപാഠി പറഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ച ഇയാള്‍ ആരൊക്കെയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മാത്രമല്ല ലാപ്പ് ടോപ്പ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദ് താമസിച്ചിരുന്ന ജയ്പ്പൂര്‍ ജവഹര്‍ എന്‍ക്‌ളേവിലുള്ള വസതിയില്‍ നിന്ന് ദാബിഖ് എന്ന ഐഎസ് ആശയപ്രചാരണ മാസികകളുടെ നിരവധി കോപ്പികളും പോലീസ് കണ്ടെടുത്തു. സിറാജുദ്ദീന്‍ ഐഎസിന്റെ ഓണ്‍ലൈനിലെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യക്കും കുട്ടിക്കുമൊപ്പം താമസിച്ചുവന്നിരുന്ന ഇയാള്‍ മൂന്നുമാസമായി ഒറ്റയ്ക്കാണ് താമസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.