ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്കുയര്‍ന്ന മേള

Friday 11 December 2015 11:28 pm IST

  തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമാസ്വാദനം എന്ന ഖ്യാതിയുമായാണ് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊടിയിറങ്ങുന്നത്. മികച്ച ചിത്രങ്ങള്‍ക്കൊപ്പം വേദികളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പതിവ് വിട്ട് ടാഗോര്‍തിയേറ്ററില്‍ മേളയുടെ പ്രധാന വേദി സംഘടിപ്പിച്ചതോടെ സിനിമാസ്വാദകര്‍ക്ക് നഗര മധ്യത്തില്‍ പ്രകൃതി രമണീയമായ ഇടം ലഭിക്കുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ബജറ്റ്‌വിഹിതം അനുവദിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ പറഞ്ഞു. വര്‍ഷാവര്‍ഷം മേള മെച്ചപ്പെട്ടു വരുന്ന കാഴ്ച ആഹ്ലാദകരമാണെന്ന് സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ പറഞ്ഞു. സിനിമകളുടെ തെരഞ്ഞെടുപ്പും പക്വത വന്ന കാഴ്ചക്കാരും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌കാറിന് നിര്‍ദേശിച്ച ചിത്രങ്ങളാസ്വദിക്കാനായിരുന്നു ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനത്തില്‍തിരക്കനുഭവപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയവേദി ക്ലബ്, എന്‍എന്‍, ഇക്‌സാനുവല്‍, 100 യെന്‍ ലൗ, ദ ഹൈസണ്‍, 600 മൈല്‍സ്ചിത്രങ്ങളെസിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചു. മേളയുടെരണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മത്സരവിഭാഗം ചിത്രങ്ങളാണ് ഭൂരിഭാഗം ആസ്വാദകരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ജംഷദ് മുഹമ്മദ് റാസയുടെ ഉറുദു ചിത്രം മൂര്‍ സമ്മിശ്ര പ്രതികരണം നേടി. മൂന്നാം ദിനം മനു പി എസ് സംവിധാനം ചെയ്ത മണ്‍റോതുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ്, സനല്‍കുമാര്‍ സിദ്ധാര്‍ത്ഥന്റെ ഒഴിവു ദിവസത്തെ കളി എന്നി ശ്രദ്ധേയമായി. ചാറ്റല്‍മഴ അവഗണിച്ച് സിനിമാപ്രേമികളുടെ തിയറ്ററുകളിലേക്കുള്ള നെട്ടോട്ടത്തിനാണ് ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍തലസ്ഥാന നഗരംസാക്ഷ്യം വഹിച്ചത്. ലോകോത്തര ചലച്ചിത്രങ്ങളാസ്വദിക്കാനും ചലച്ചിത്ര പ്രവര്‍ത്തകരോട് സംവദിക്കുന്നതിനുംസുഹൃത്തുക്കളുമായി ഇടപഴകുന്നതിനും കിട്ടിയ അവസരം പ്രതിനിധികളാരും തന്നെ പാഴാക്കാതെ ആസ്വാദ്യകരമാക്കുകയാണ്. ഭ്രാന്തമായ പ്രണയവും ഒറ്റപ്പെടലും ഇച്ഛാഭംഗവും പ്രമേയമാക്കിയ ചിത്രങ്ങള്‍ ആസ്വദിക്കാനായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തില്‍ തിരക്കനുഭവപ്പെട്ടത്. തിരശീല വീഴാന്‍ ഒരുനാള്‍ ബാക്കിനില്‍ക്കേ അറുപതിലധികം ചിത്രങ്ങള്‍ 13 തിയറ്ററുകളിലായി പ്രേക്ഷകരെതേടിയെത്തി. ത്രിഡിവിഭാഗത്തിലെ ലവ്, മത്സരവിഭാഗത്തിലെ പ്രോജക്ട്ഓഫ് ദി സെഞ്ച്വറി, കൊറിയന്‍ പനോരമ വിഭാഗത്തിലെദ അണ്‍ഫെയര്‍, ഫസ്റ്റ്‌ലുക്ക് വിഭാഗത്തില്‍ ലാംബ് എന്നിവ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി. ദേശ, ഭാഷാ, സംസ്‌കാര, വ്യത്യാസമില്ലാതെ എല്ലാ സിനിമാ പ്രേമികള്‍ക്കും തട്ടകമായി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ലെന്നു തന്നെ പറയാം. കാഴ്ചയുടെ വസന്തം അവസാനിക്കുമ്പോള്‍ വിടവാങ്ങലിന്റെ നൊമ്പരമാണ് ഏവരുടെയും മുഖത്ത് കാണാനുളളത്. വലിയൊരുവിഭാഗം പുതിയ പ്രതിനിധികള്‍ ഈ മേളയുടെ സ്വന്തമാണ്. ഉത്സവങ്ങള്‍ക്ക് പരിചിതമായ പോലെ ഏവരും ഉപചാരം ചൊല്ലി പിരിയുന്നു. അടുത്ത ദൃശ്യവസന്തത്തിന് മിഴിയോര്‍ത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.