മുറ്റത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

Saturday 12 December 2015 3:43 pm IST

പത്തനാപുരം: വീട്ടു മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. വീടിന്റെ മേല്‍ക്കൂരയും കതകുകളും ജനാലകളും കത്തി നശിച്ചു. കുന്നിക്കോട് തേക്കുംമുകള്‍ ഭാഗത്ത് മണിമന്ദിരത്തില്‍ മണിയന്‍ആചാരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ മക്കളായ ബാബുവിന്റെയും ഉണ്ണിയുടേയും ഉടമസ്ഥതയിലുളള ഓട്ടോറിക്ഷയും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് പൂര്‍ണമായി കത്തിനശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനോടെയായിരുന്നു സംഭവം. വാഹനങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. വീടിന്റെ സമീപത്തു നിന്നും മണ്ണെണ്ണ കുപ്പിയും പോലീസ് കണ്ടെത്തിയട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വീട്ടിലേക്കുളള സര്‍വീസ്‌വയര്‍ പൂര്‍ണമായും കത്തിനശിച്ചങ്കിലും വീടുനുള്ളിലേക്ക് തീ പടരാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. സാധാരണ ദിവസങ്ങളില്‍ ഓട്ടോറിക്ഷയിലാണ് മണിയന്‍ആചാരി കിടന്നുറങ്ങുന്നത്. എന്നാല്‍ അന്ന് മഴ പെയ്തതിനാല്‍ വീടിനകത്താണ് അദ്ദേഹം കിടന്നത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും കത്തിനശിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് വാങ്ങിയ ഇരുചക്രവാഹനങ്ങളും ഓട്ടോയുമാണ് കത്തിനശിച്ചത്. പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. പത്തനാപുരം സിഐ ആര്‍.ബൈജുകുമാര്‍, വിരലടയാള വിദഗ്ദന്‍ യേശുദാസ്, കുന്നിക്കോട് എസ്‌ഐ ഉമ്മര്‍ റാവുത്തര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.