യജ്ഞമാര്‍ഗത്തില്‍ സമൂഹത്തെ ചികിത്സിക്കുന്ന ഭാഷഗ്വരന്‍

Saturday 12 December 2015 4:25 pm IST

വ്യക്തികളുടെ ശരീരത്തിനും മനസ്സിനും രോഗം ബാധിക്കാറുണ്ട്. വ്യക്തികളെ ബാധിക്കുന്ന രോഗം വ്യക്തികള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന സമൂഹത്തെയും ബാധിക്കും. പ്രത്യേകിച്ചും വ്യക്തിയുടെ മാനസികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍. അത്തരം പ്രശ്‌നങ്ങളെ ഭാരതീയര്‍ ചികിത്സിച്ചിരുന്നത് ആധ്യാത്മിക ശാസ്ത്രങ്ങളുപയോഗിച്ചാണ്. ഈ ആധുനിക കാലത്തും ഭാരതത്തില്‍ തപശ്ശക്തികൊണ്ട് സമൂഹത്തെ ചികിത്സിക്കുന്ന അനേകം ആധ്യാത്മികാചാര്യന്മാരുണ്ട്. അതില്‍ വേറിട്ട ശബ്ദമാണ് ഡോ പ്രണവ് പാണ്ഡ്യ. അമേരിക്കയിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കാന്‍ ലഭിച്ച അവസരം ഉപേക്ഷിച്ച് സാമൂഹ്യസേവനത്തിന് ആധ്യാത്മികമാര്‍ഗം സ്വീകരിച്ച തപസ്വിയാണ് ഈ ഭിഷഗ്വരന്‍. മെഡിസിനില്‍ ബിരുദാനന്തരബിരുദം സ്വര്‍ണ മെഡലോടെയാണ് ഡോ പ്രണവ് പാണ്ഡ്യ പാസായത്. എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. 1950 നവംബര്‍ 8ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇന്‍ഡോറിലെ പ്രശസ്തമായ എംജിഎം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസില്‍ ബിരുദം നേടി. 1975 ലാണ് അതേ കോളേജില്‍ നിന്ന് എംഡി സ്വര്‍ണ മെഡലോടെ പാസ്സായത്. 1975-76 കാലത്ത് എംജിഎം മെഡിക്കല്‍ കോളേജില്‍ പ്രശസ്തരായ ന്യൂറോളജിസ്റ്റുകളോടൊപ്പം സേവനമാരംഭിച്ചു. അക്കാലത്ത് മാനസിക കാരണങ്ങളാലുണ്ടാകുന്ന ശാരീരിക രോഗങ്ങള്‍, ഉറക്കമില്ലായ്മ, ന്യൂറോ സൈക്യാട്രി രോഗങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധനേടി. 1976-78 കാലത്ത് ഹരിദ്വാറിലെയും ഭോപ്പാലിലെയും ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ മേല്‍നോട്ടം ലഭിച്ചു. തുടര്‍ന്ന് അമേരിക്കയില്‍ ഉന്നതപഠനത്തിനും ജോലിക്കുമായി അവസരം ലഭിച്ചപ്പോഴാണ് ഡോ പ്രണവ് പാണ്ഡ്യയുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുണ്ടാകുന്നത്. ചെറുപ്പം മുതല്‍ക്കെ ഹരിദ്വാറിലെ ശാന്തികുഞ്ജില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി പരിവാറുമായും പരിവാറിന്റെ സ്ഥാപകന്‍ ആചാര്യ ശ്രീറാം ശര്‍മയുമായും പ്രണവ് പാണ്ഡ്യയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഈ ബന്ധമാണ് ഡോക്ടറുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അമേരിക്കയിലെ ജോലി സ്വീകരിക്കാന്‍ തയ്യാറായ ഡോക്ടറെ അതിലും വലിയ ചുമതലയിലേക്കാണ് ആചാര്യ ശ്രീറാം ശര്‍മ ആനയിച്ചത്. ആചാര്യന്റെ നിര്‍ദ്ദേശപ്രകാരം 1978 മുതല്‍ 90 വരെ ഡോക്ടര്‍ പ്രണവ് പാണ്ഡ്യ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് ഗുരുവിനെ സേവിച്ച് കഴിഞ്ഞു. ഗായത്രി മന്ത്രദീക്ഷ വിധിപ്രകാരം ഉപദേശിച്ച് ആചാര്യന്‍ ശിഷ്യനെ അനുഷ്ഠാനങ്ങളിലൂടെ കൈപിടിച്ച് നടത്തി. പുരശ്ചരണാദികളും തപസ്സുമായി നീണ്ട 12 വര്‍ഷം. ശിഷ്യന്‍ യോഗ്യനാണെന്ന് മനസ്സിലാക്കിയ ആചാര്യന്‍ തന്റെ ആശ്രമവും പാരമ്പര്യവും വിധിപ്രകാരം കൈമാറി ഭൗതികശരീരം ഉപേക്ഷിച്ചു. അവിടെ നിന്നാണ് അഖിലവിശ്വ ഗായത്രി പരിവാറിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഗായത്രി പരിവാറിന്റെ ഡയറക്ടറും മേധാവിയുമായ ഡോ പ്രണവ് പാണ്ഡ്യയുമായി ജന്മഭൂമി ലേഖകന്‍ പ്രശാന്ത് ആര്യ നടത്തിയ അഭിമുഖത്തില്‍ നിന്ന്... എന്താണ് അശ്വമേധയാഗം കൊണ്ട് ഉദ്ദേശിക്കുന്നത്? വൈയക്തിക ബുദ്ധിയെ നേര്‍വഴിക്ക് നയിച്ച് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളിയാക്കുക എന്നതാണ് അശ്വമേധ യാഗം കൊണ്ടുദ്ദേശിക്കുന്നത്. അശ്വത്തിന് 24 അര്‍ഥങ്ങളുണ്ട്. മേധ എന്നാല്‍ ബലി എന്നാണര്‍ഥം. ഇവിടെ കുതിര എന്ന സാധാരണ അര്‍ഥംമാത്രം എടുത്താല്‍ കുതിരയെ ബലികൊടുക്കലായിപ്പോകും. അതല്ല വേണ്ടത്. തീവ്രഗതിയില്‍ സഞ്ചരിക്കുന്ന മനുഷ്യമനസ്സുകളെയും ഇന്ദ്രിയങ്ങളെയും ബുദ്ധിയെയും നിയന്ത്രിച്ച് നേര്‍വഴിക്കു നയിക്കുക എന്നാണ് അശ്വമേധയാഗത്തിന്റെ അര്‍ഥം. അങ്ങനെ വ്യക്തികളെ ശുദ്ധരാക്കി രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രയോഗംവശം അല്‍പ്പം കൂടി വിശദീകരിക്കാമോ? ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് ശരിയായ ജ്ഞാനം നല്‍കുന്നതാണ് അശ്വമേധയാഗം. ശാസ്ത്രവും ആധ്യാത്മികതയും കൈകോര്‍ക്കുന്ന ഈ യാഗം തുടര്‍ പ്രക്രിയയാണ്. ഗായത്രി പരിവാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന അശ്വമേധയാഗം ഭാരതത്തെ വീണ്ടും ജഗദ്ഗുരു സ്ഥാനത്തെത്തിക്കും. 2400 തീര്‍ഥങ്ങളില്‍ പൂജിച്ച് അവിടെ നിന്ന് ശേഖരിച്ച ജലവും മണ്ണും അടങ്ങിയ ശക്തികലശം ഈ യാഗത്തിലെ മുഖ്യഘടകമാണ്. കന്യാകുമാരിയില്‍ നടക്കുന്ന യാഗത്തിലാണ് ഇതിന്റെ പ്രയോഗം നടക്കുക. ശരിയായ ആധ്യാത്മികതയിലൂടെ വ്യക്തികളില്‍ സമ്പൂര്‍ണപരിവര്‍ത്തനം വരുത്തി മാനവപുനര്‍നിര്‍മാണമെന്ന ലക്ഷ്യത്തിലേക്കാണ് ഗായത്രി പരിവാറിന്റെ യാത്ര. നിരീശ്വരവാദവും ശാസ്ത്രസാങ്കേതികത്വവും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇതിന്റെ പ്രസക്തി ? നോക്കൂ, ശാസ്ത്രം മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. വായുവേഗത്തില്‍ മനുഷ്യര്‍ക്ക് ഇന്ന് യാത്ര ചെയ്യാനാകും. ഇത് ശാസ്ത്രത്തിന്റെ വിജയം തന്നെയാണ്. എന്നാല്‍ ആ ശാസ്ത്രത്തെ തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിപ്പിച്ചാലോ. മുഴുവന്‍ മാനവരാശിക്കും അപകടമുണ്ടാക്കും. ശാസ്ത്രത്തെ വഴിതിരിച്ചുവിട്ടാണ് അണുബോംബുണ്ടാക്കാന്‍ നാം പഠിച്ചത്. ഇതൊക്കെ തീവ്രവാദം പോലുള്ള പ്രവര്‍ത്തനങ്ങള്‍ വളരാനേ സഹായിക്കൂ. ലോകത്ത് സമാധാനവും ശാന്തിയും ഇല്ലാതാകും. അതിനാല്‍ ശാസ്ത്രത്തെ ആധ്യാത്മികതയുടെ സഹായത്തോടെ സമീപിച്ചാല്‍ നമുക്ക് അനേകം നേട്ടങ്ങളുണ്ടാക്കാം. അതിനാല്‍ ആധ്യാത്മികത യുക്തിപൂര്‍വം ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. കാര്യകാരണസഹിതമല്ലാത്ത ഒന്നും ലോകത്ത് നിലനില്‍ക്കില്ല. കാന്‍സര്‍, ഹൃദ്രോഗം പോലുള്ള മാരകരോഗങ്ങളെ യജ്ഞം കൊണ്ട് അകറ്റുമെന്ന് പ്രഭാഷണത്തില്‍ പറഞ്ഞല്ലോ. വിശദമാക്കാമോ ? യജ്ഞം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ തീര്‍ച്ചയായും അകറ്റി നിര്‍ത്തും. അഗ്നിയിലേക്ക് ഹോമിക്കുന്നത് ശുദ്ധമായ നെയ്യും ആയുര്‍വേദ മരുന്നുകളുമാണ്. ഇവയെ അഗ്നി വളരെ പെട്ടെന്ന് വിഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്നു, അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നു. സ്വച്ഛമായ വായു ശുദ്ധമായ ജലത്തെ സൃഷ്ടിക്കും. അതിലൂടെ ശുദ്ധവും സമ്പുഷ്ടവുമായ അന്നമുണ്ടാകും. ഇത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ശുദ്ധവായുവും ജലവും മനുഷ്യനെ മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളെയും സസ്യങ്ങളെയും പോഷിപ്പിക്കും. മനുഷ്യരുടെ ആമാശയത്തിലും ഹോമമാണ് നടക്കുന്നത്. അവിടെയും ശുദ്ധമായ അന്നത്തെ വേണം ഹോമിക്കേണ്ടത്. ഇന്നത്തെ നിരവധി മാരക രോഗങ്ങള്‍ക്കു കാരണം ജീവിത ശൈലിയിലും ആഹാരത്തിലും വന്ന മാറ്റമാണ്. ഇത് ശരിയാക്കിയാല്‍ താനേ നമ്മുടെ ആരോഗ്യവും വീണ്ടും കിട്ടും. ആരോഗ്യമുള്ള ശരീരവും മനസ്സും ആത്മാവും ചേര്‍ന്നാല്‍ മാത്രം മതിയോ ? പോര. ഏറ്റവും പവിത്രമായ ജ്ഞാനവും നമുക്ക് വേണം. അതിനാല്‍ ഭാരതീയ സംസ്‌കാരത്തിലെ ഏറ്റവും പഴക്കം ചെന്ന വൈദികസാഹിത്യത്തെ ആശ്രയിച്ചേ മതിയാകൂ. ഈശ്വരന്‍ ഉണ്ടെന്നും ആ ഈശ്വരന്‍ എങ്ങനെയുള്ളതാണെന്നും നമുക്ക് അവയിലൂടെ അറിയാനാകും. വേദജ്ഞാനം ആര്‍ജിക്കുന്നതിനൊപ്പം ഈശ്വരസാധനയും അത്യന്താപേക്ഷിതമാണ്. ജ്ഞാനം ഉറയ്ക്കാനും ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കാനും ഈശ്വരാനുഗ്രഹം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. നോക്കൂ അഗ്നിജ്വാലകള്‍ എപ്പോഴും ഊര്‍ധ്വഗാമിയായിരിക്കും. അതുപോലെ നമ്മുടെ ചിന്തകളും എല്ലായ്‌പ്പോഴും ഉന്നതങ്ങളിലായിരിക്കണം. ജീവിതത്തിലെ ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കണം. ഇന്നത്തെ ഗായത്രി പരിവാറിന്റെ സംക്ഷിപ്ത രൂപം വിവരിക്കാമോ ? അമേരിക്ക, കാനഡ, ലണ്ടന്‍, ഡെന്മാര്‍ക്ക്, നോര്‍വെ, ഓസ്‌ട്രേലിയ, ഫിജി, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക, കെനിയ തുടങ്ങി 80 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആധ്യാത്മിക വടവൃക്ഷമാണ് ഈ പ്രസ്ഥാനം. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, ലോസാഞ്ചല്‍സിലെ കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ ആധ്യാത്മികപ്രഭാഷണങ്ങള്‍ നടത്താന്‍ എന്നെ സ്ഥിരമായി ക്ഷണിക്കാറുണ്ട്. ഇപ്പോള്‍ കന്യാകുമാരിയില്‍ നടക്കാന്‍ പോകുന്നത് 48-ാമത്തെ അശ്വമേധയാഗമാണ്. ജാതിമതങ്ങള്‍ക്ക് അതീതമായി ആധ്യാത്മികതയെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ജനങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനമാണ് പരിവാര്‍ നടത്തിവരുന്നത്. ലഭിച്ച പുരസ്‌കാരങ്ങള്‍ ? ഏറ്റവും വലിയ പുരസ്‌കാരം ഇതൊക്കെ ചെയ്യാനുള്ള ഈശ്വരാനുഗ്രഹമാണ്. അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ 1996 ല്‍ ആദരിച്ചു. 1998 ല്‍ അംബാലയില്‍ നടന്ന പ്രഭു പ്രേമി സംഗമം ജ്ഞാന ഭാരതി പുരസ്‌കാരം നല്‍കി. 1999 ലെ ഹിന്ദു ഓഫ് ദ ഇയര്‍, 2001 ലെ ഭായി ശ്രീ ഹനുമാന്‍ പ്രസാദ് രാഷ്ട്രസേവ സമ്മാന്‍, വാര്‍ധ സേവാഗ്രാമിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഇന്‍ഡോര്‍ അഹല്യ ഉത്സവ് സമിതിയുടെ ദേവി അഹല്യബായി രാഷ്ട്രീയസമ്മാന്‍ അവാര്‍ഡ്, തരുണ്‍ ക്രാന്തി പുരസ്‌കാര്‍ ഇങ്ങനെ നിരവധി ബഹുമതികളാണ് തേടിയെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.