ദേശസ്‌നേഹമുള്ളവര്‍ക്ക് ദേഹത്തെക്കുറിച്ച് ഭയമുണ്ടാകില്ല : മേജര്‍ രവി

Saturday 12 December 2015 9:45 pm IST

കല്‍പ്പറ്റ : ദേശസ്‌നേഹമുള്ളവര്‍ക്ക് ദേഹത്തെകുറിച്ച് ഭയമുണ്ടാകില്ലെന്നും ഇത്തരം ദേശസ്‌നേഹികളെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്കുണ്ടെന്നും സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി. കല്‍പ്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ശങ്കരാപുരിയില്‍ (എസ്‌കെഎംജെ ഹൈസ്‌കൂള്‍ കല്‍പ്പറ്റ) നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ 15ാമത് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മനുഷ്യന്റെ അധാര്‍മ്മികതയെ അകറ്റാന്‍ കലക്കുകഴിയും. വിദ്യാനികേതന്‍ പോലുള്ള സ്‌കൂളുകളില്‍ നിന്നേ മൂല്യാധിഷ്ടിത വിദ്യാഭ്യാസം ലഭിക്കൂ. മാതാപിതാക്കളെ വൃദ്ധമന്ദിരത്തിലേക്ക് പുറംതള്ളാനുള്ള പ്രധാന കാരണം ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണെന്ന് വിലയിരുത്തേണ്ടിവരും. ഭാരതസംസ്‌ക്കാരത്തിന് മികച്ച പ്രോത്സാഹനം നല്‍കുന്ന ഇടമാണ് വിദ്യാനികേതന്‍. ഇതിലൂടെ കുട്ടികള്‍ക്ക് മതാ-പിതാ-ഗുരു ദൈവമെന്ന ഭാരതസംസ്‌ക്കാരത്തിലേക്ക് ഉയരാന്‍ സാധിക്കും. ഇത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിനയഗുണം കൂടുതലാണെന്നും കുട്ടികള്‍ തെളിയിക്കുന്നു. മാതാപിതാക്കളെക്കാള്‍ അധികം അദ്ധ്യാപകര്‍ക്കാണ്് കുട്ടികളുടെ ഭൗതീകവും സമൂഹികവുമായ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം അക്കാദമികതലത്തില്‍ മാത്രമായിപോകുന്നുണ്ട്. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയ വിദ്യാനികേതന്റെ പഠനരീതിയെന്നും മേജര്‍ രവി പറഞ്ഞു. ജില്ലയിലെ ഇരുപത് വിദ്യാലയങ്ങളില്‍നിന്നുമായി ആയിരത്തിഅഞ്ഞൂറോളം പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടി ഇന്ന് സമാപിക്കും. അഞ്ച് വേദികളിലായി 75 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി വി.കെ.ജനാര്‍ദ്ദനന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്‍, ശശിധരന്‍മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ശ്രീശങ്കര വിദ്യാനികേതന്‍ കല്‍പ്പറ്റ), പി.എസ്.സുരേഷ്‌കുമാര്‍, ഗ്രീഷിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നാല് മണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ.പുഷ്‌ക്കരന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.ബി.വിജയരാജന്‍ സമ്മാനദാനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം.മോഹനന്‍, അഡ്വക്കറ്റ് പി.ചാത്തുകുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.