കൊച്ചി: വര്‍ധിച്ചുവരുന്ന ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ തിന്മകളെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും യോഗാധിഷ്ഠിത പഠനപരിശീലന പദ്ധതികള്‍ ആരംഭിക്കണമെന്ന് പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാന യോഗ ഒളിമ്പ്യാഡ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജീവിതാനുഭവമില്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. കുടുംബത്തില്‍ മക്കള്‍ക്ക് നല്കുന്ന അമിതലാളനയും മാതാപിതാക്കളുടെ അതിരുകടന്ന ഉത്കണ്ഠയും പുതിയ തലമുറയെ കര്മ്മശേഷിയില്ലാത്തവരാക്കുന്നു. ജീവിതത്തിന്റെ തിരക്ക് കുറച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിക്കുവാന്‍ യോഗ പഠന പരിശീലനം സഹായിക്കുമെന്ന് സമ്മേളനം വിലയിരുത്തി.
കളമശ്ശേരി എസ്സിഎംഎസ് കോളേജില്‍ നടന്നുവരുന്ന സംസ്ഥാനതല യോഗ ഒളിമ്പ്യാഡ് ഡയറക്ടര്‍ ഡോ. രാധ തേവന്നൂര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് നിയുക്ത ഗവര്‍ണര്‍ ഡോ. പ്രകാശ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, യോഗ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഹരിഹരന്, ടി.മനോജ്, അഡ്വ. ജഗദീഷ് ലക്ഷ്മണ്, ബി. ജിനചന്ദ്രന്, സന്തോഷ് വൈലോപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത 500 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: