ക്രിസ്മസ് വരവായി; വിപണി സജീവം

Saturday 12 December 2015 9:54 pm IST

  എസ്.ജെ. ഭൃഗുരാമന്‍ തിരുവനന്തപുരം: ക്രിസ്മസിന് ഇനി നാളുകള്‍മാത്രം. എവിടെയും പുതുവര്‍ഷത്തെയും ക്രിസ്മസ്സിനെയും വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കരോള്‍ സംഘങ്ങളും രംഗത്തെത്തി. ഇതോടെ ക്രിസ്മസ് വിപണിയും സജീവമായി. കുട്ടികളെയും മുതിര്‍ന്നവെരയും ഒരുപോലെ തൃപ്ത്തിപ്പെടുത്തുന്ന തരത്തിലാണ് വിപണി ഇക്കുറി ഒരുങ്ങിയിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ക്രിസ്മസ് പാക്കേജാണെങ്കില്‍ ഗ്രാമങ്ങളില്‍ ഓരോന്നും തരംതിരിച്ചാണ് ഉത്പ്പന്നങ്ങള്‍ ലഭിക്കുക. ക്രിസ്മസ് വിപണിയില്‍ എല്ലാവര്‍ഷത്തെയുംപോലെ തന്നെ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ആശംസാകാര്‍ഡുകളും ലഭ്യമാണ്. അഞ്ചു രൂപ മുതല്‍ 4,000 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ കമ്പോളത്തിലുണ്ട്. ഇതില്‍ തന്നെ ചിറകുകളുടെ എണ്ണവും നിറവും കൂടുന്നതിനനുസരിച്ച് വിലയിലും വ്യത്യസം വരും. എന്നാലും 250 രൂപയ്ക്കും 300നും ഇടയ്ക്കു വിലവരുന്ന നക്ഷത്രത്തോടാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയം. പുല്‍ക്കൂടില്‍ വയ്ക്കുന്ന ഉണ്ണിയേശു ഉള്‍പ്പെടെയുള്ള ഒരു സെറ്റ് പ്രതിമകള്‍ക്ക് 500 രൂപയാണ്. ഇതിന്റെ വലുപ്പം അനുസരിച്ച് വിലയിലും വ്യത്യാസം വരും. റെഡിമെയിഡ് പുല്‍ക്കൂടിനാണ് ആവശ്യക്കാര്‍ കൂടുതല്‍. അതിന് 700 രൂപ മുതല്‍ 2,000 രൂപ വരെയാണ് വില. വലുപ്പത്തിലും ആകര്‍ഷണീയതയിലും മാത്രമായി ഒതുങ്ങിയിരുന്ന ആശംസാകാര്‍ഡുകള്‍ക്ക് ഇക്കുറി അകത്തെ വാചകങ്ങള്‍ക്കാണ് ന്യൂജനറേഷന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. സാന്റാക്ലോസിന്റെ മുഖംമൂടിയും വസ്ത്രങ്ങളും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്നും 10 മുതല്‍ 12 വയസ്സുള്ള കുട്ടികളുടെ അളവാണ് കൂടുതല്‍ ചെലവാകുന്നതെന്നും കടയുടമകള്‍ പറയുന്നു. ക്രിസ്മസ് ട്രീകള്‍ക്കും മറ്റ് അലങ്കാര വസ്തുക്കള്‍ക്കും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടുതലാണ്. 2000 രൂപ മുതല്‍ 4000 രൂപ വരെയാണ് വില. വിവിധതരം ലൈറ്റുകളില്‍ വൈദ്യുതി ഏറെ വേണ്ടാത്ത എല്‍ഇഡി ബള്‍ബുകളാണ് ഇക്കുറി വിപണിയിലുള്ളത്. വിവിധ നിറത്തിലും വര്‍ണ്ണത്തിലുമുള്ള ബള്‍ബുകള്‍ മലയാളികളുടെ കൈ ചെറുതായി പൊള്ളിക്കും. ഇക്കുറി ആഴ്ചകള്‍ക്കു മുമ്പേ പച്ചക്കറി, മത്സ്യ, മാംസ വിപണികളും ക്രിസ്മസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ്സിന് ഒഴിച്ചുകൂടാനാകാത്ത വൈന്‍ കുപ്പികളുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നു നിരവധി ലോറികള്‍ കേരളത്തിലെത്തി കഴിഞ്ഞു. എന്നാല്‍ വീടുകളില്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈനിനോടാണ് പ്രിയം കൂടുതല്‍. ഇത്തരം വൈനുകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഇരട്ടി വില നല്‍കാനും ആവശ്യക്കാര്‍ തയ്യാറാണ്. ബേക്കറികളില്‍ ലഭിക്കുന്ന ക്രിസ്മസ് കേക്കുകള്‍ പലവിധമാണ്. ക്രീം വിഭാഗങ്ങളിലെ കേക്കുകളെക്കാള്‍ ഇക്കുറി ചെലവ് വൈന്‍കേക്കുകള്‍ക്കാണ്. പല ഫ്‌ളേവറുകളില്‍ ലഭ്യമാകുന്ന കേക്ക് വിപണിയില്‍ പ്രത്യക്ഷത്തില്‍ തന്നെ മത്സരം പ്രകടമായുണ്ട്. 110 രൂപമുതല്‍ 2,500 രൂപ വരെയുള്ള കേക്കുകള്‍ വിപണിയില്‍ സജീവമാണ്. വ്യത്യസ്ഥവും ആകര്‍ഷകവുമായ പാക്കറ്റുകളിലാക്കി ഇഷ്ടപ്പെട്ടവരുടെ പേരുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ഒരുക്കിയാണ് വിവിധ കേക്കുകമ്പനികള്‍ മത്സരിക്കുന്നത്. വിപണിയില്‍ അധികം വിലക്കയറ്റം ഇല്ലെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാല്‍ ഗ്രാമങ്ങളില്‍ ഇതുവരെ ക്രിസ്മസ് വിപണി അത്രയ്ക്ക് സജീവമായിട്ടില്ല. വരും ദിവസങ്ങളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് ഗ്രാമപ്രദേശങ്ങളും പങ്കാളികളാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.