ഇരിട്ടിയുടെ ടൂറിസ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി കൂര്‍ഗ്ഗ് വാലി പാര്‍ക്കിന്റെ നിമ്മാണോദ്ഘാടനം 18ന്

Saturday 12 December 2015 10:23 pm IST

ഇരിട്ടി: ഒട്ടേറെ ടൂറിസ പാദ്ധതികള്‍ക്ക് ഏറെ സാദ്ധ്യതയുള്ള ഇരിട്ടിയുടെ ടൂറിസ സ്വനങ്ങള്‍ക്ക് ചിറകു മുളക്കുകയാണ്. 5 കോടി രൂപ ചിലവില്‍ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന കൂര്‍ഗ്ഗ് വാലി പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം 18 ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വര്‍ഷങ്ങളായുള്ള വിവിധ തലങ്ങളില്‍ നിന്നുമുള്ള മുറവിളിക്കൊടുവിലാണ് ഈ ടൂറിസം പദ്ധതി ഇവിടെ പ്രായോഗികമാവാന്‍ പോകുന്നത്. എന്നാല്‍ ഇതിനു മുന്‍പ് ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മ്മിച്ച മൂന്ന് പദ്ധതികള്‍ ലക്ഷ്യം കാണാതെ പോയി എന്നതും ഇവിടെ എടുത്തു പറയേണ്ടതാണ്. മൂന്ന് പദ്ധതികളും പഴശ്ശി പദ്ദതിയുമായി ബന്ധപ്പെടുത്തി പഴശ്ശിയുടെ ഭൂമി ഉപയോഗിച്ച് കൊണ്ടായിരുന്നു. ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന കൂര്‍ഗ്ഗ് വാലി പാര്‍ക്കും പഴശ്ശിയുടെ സ്ഥലം ഉപയോഗപ്പെടുത്തി തന്നെയാണ്. മുന്‍പ് ഇരിട്ടിയില്‍ ആരംഭിച്ച രണ്ട് പദ്ധതികള്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതികളായിരുന്നു. അതില്‍ ആദ്യത്തേത് പതിനഞ്ചാണ്ടുകള്‍ക്ക് മുന്‍പ് പെരുമ്പറമ്പില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മഹാത്മാഗാന്ധി പാര്‍ക്ക് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പത്താണ്ടുകള്‍ക്ക് മുന്‍പ് വള്ളിയാട് ആരംഭിച്ച സഞ്ജീവനി വനം ഔഷധ പാര്‍ക്ക് ആയിരുന്നു. ഇവ രണ്ടും ഇരിട്ടിക്കും ഇരിട്ടിയുടെ മലയോര മേഖലക്കും ഏറെ മുതല്‍ക്കൂട്ട് അവേണ്ടാതായിരുന്നു. അത്രയും മനോഹരമായി നിര്‍മ്മിച്ച ഈ രണ്ടു പാര്‍ക്കുകളും അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധയും സംരക്ഷണവും ഇല്ലാതെ നാമാവശേഷമായി മാറി. ഇതില്‍ വള്ളിയാടുള്ള ഔഷധത്തോട്ടം ഇപ്പോഴും നില നില്‍ക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാനില്ലാതെ അതും കാടുകയറി സാമൂഹ്യദ്രോഹികളുടെ വിഹാരരംഗം മാത്രമായി മാറി. എന്നാല്‍ പിന്നീട് ഇരിട്ടി പാലത്തോട് ചേര്‍ത്ത് ഡിടിപിസി നിര്‍മ്മിച്ച ഗ്രീന്‍വാലി പാര്‍ക്കിനും ബോട്ട് ജട്ടിക്കും ഇതേ അവസ്ഥ തന്നെ ഉണ്ടായി. കുടിവെള്ള പദ്ധതി നിലനില്‍ക്കുന്ന പഴശ്ശി ജലാശയത്തില്‍ ബോട്ടുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയും പെട്രോളും കലരുന്നു എന്ന് പറഞ്ഞായിരുന്നു ബോട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. എന്നാല്‍ ഇരിട്ടിയുടെ മാറിയ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അഞ്ച് കോടിയുടെ പദ്ധതിക്ക് ആദ്യ ഘടുവായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു കഴിഞ്ഞു. സില്‍ക്കാണ് ഇതിന്റെ നിര്‍മ്മാണകമ്പനി. ഇതിന്റെ ഭാഗമായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്,ടൂറിസം എം പാനല്‍ ആര്‍ക്കിടെക്റ്റ് പി.സി. നസീര്‍, സജി വരമ്പുങ്കല്‍,സില്‍ക്ക് മാനേജര്‍ സുരാശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരിട്ടി പാലം മുതല്‍ തന്തോട് പാലം വരെയുള്ള പുഴയോട് ചേര്‍ന്ന പഴശ്ശി പദ്ധതിയുടെ സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.