136 കേസുകള്‍ തെളിഞ്ഞു മാലപിടിച്ചുപറിക്കുന്ന ആറംഗ സംഘം പിടിയില്‍

Saturday 12 December 2015 10:55 pm IST

കൊച്ചി: ബൈക്കിലെത്തി മാലപിടിച്ചുപറിക്കുന്ന ആറംഗസംഘം അറസ്റ്റില്‍. ഇടപ്പള്ളി വട്ടേക്കുന്നത്ത് കുന്നത്ത്പറമ്പില്‍ വിഷ്ണു അരവിന്ദ് (27), മലപ്പുറം ചെമ്പന്‍പുരക്കല്‍ ഇമ്രാന്‍ഖാന്‍ (31), ഇടപ്പള്ളി കണ്ടങ്ങാക്കുളം വീട്ടില്‍ തവള അജിത്ത് എന്ന അജിത്ത് (23), ഇടപ്പള്ളി വട്ടേക്കുന്നം തെക്ക പൊരത്തില്‍ അര്‍ജുന്‍ ഹരിദാസ് (20), ഇവര്‍ക്ക് സഹായം നല്‍കുകയും മോഷണവസ്തുക്കള്‍ വാങ്ങുന്ന കാക്കനാട് ഉണ്ണംമ്പിള്ളി മൂലസ്ഥാനത്ത് തോട്ടത്തില്‍ വീട്ടില്‍ ഷിഹാബ് (25), പിറവം ചെറിയപുരം ഓണക്കൂര്‍ ശ്രീനിവാസ് വീട്ടില്‍ ദേവരാജ് (36) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് സ്‌പെഷ്യല്‍ ടീം നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത്. 160 ഓളം മാലപൊട്ടിക്കല്‍ കേസുകള്‍ ഇവര്‍ നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 136 കേസുകള്‍ തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി. ഹരിശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആകെ 300 പവനോളം സംഘം കവര്‍ന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. പത്തുവര്‍ഷമായി തെളിയാതിരുന്ന കേസുകള്‍ക്കാണ് തുമ്പുണ്ടായിരിക്കുന്നതെന്നും എസിപി പറഞ്ഞു. മോഷണവസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഒറ്റക്കും സംഘമായും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. തെളിഞ്ഞ കേസുകളില്‍തന്നെ പലതും പരാതിക്കാര്‍ സ്ഥലത്ത് ഇല്ലാത്തവരാണ്. മോഷണം നടന്ന സമയത്ത് എറണാകുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുമായാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. ആറ് ബൈക്കുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 38 കേസുകളില്‍ 50 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദേവരാജന്‍ ഒഴികെ മറ്റ് അഞ്ചുപേര്‍ക്കുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒന്നിന് ഇമ്രാന്‍ഖാന്‍ ചേരാനല്ലൂര്‍ കുന്നുംപുറം ജംഗ്ഷനില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ അധ്യാപികയുടെ മാല പൊട്ടിച്ച സംഭവത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. കൊച്ചി നഗരത്തില്‍ മാത്രം ഇമ്രാന്‍ഖാന്‍ ഒറ്റക്ക് 19 സ്ത്രീകളുടെ മാലയും അജിത് 24 സ്ത്രീകളുടെയും ഇമ്രാനും വിഷ്ണുവും ചേര്‍ന്ന് 25 പേരുടെയും അജിത്തും അര്‍ജുനനും േചര്‍ന്ന് 17 സ്ത്രീകളുടെയും മാലകള്‍ കവര്‍ന്നതായി പോലീസ് പറഞ്ഞു. തൃക്കാക്കര എസിപി സിജോ അലക്‌സാണ്ടര്‍, തൃപ്പൂണിത്തുറ സിഐ ബിജു പൗലോസ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. ഷാഡോ പോലീസ് എസ്‌ഐ വി. ഗോപകുമാര്‍, എസ്‌ഐ നിത്യാനന്ദപൈ, എഎസ്‌ഐ ജബ്ബാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി, രഞ്ജിത്, യൂസഫ്, ജയരാജ്, വിനോദ്, വിശാല്‍, ഷാജി, വേണു, ഉണ്ണികൃഷ്ണന്‍, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.