വന്‍ മയക്കുമരുന്ന് വേട്ട; ആറുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Saturday 12 December 2015 10:59 pm IST

മരട്: ഇടുക്കിയില്‍നിന്നും കൊച്ചിയിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്ന അടിമാലി സ്വദേശികളായ രണ്ടുപേരെ 6 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റുചെയ്തു. അടിമാലി സ്വദേശികളായ ഒഴികയില്‍ സുധീഷ് (27), കളത്തില്‍ പറമ്പില്‍ ദേവസിക്കുട്ടി (46) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കിയില്‍നിന്നും കൊച്ചിയിലേക്കുള്ള ദീര്‍ഘദൂര ബസ്സുകളില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് മരട് പോലീസ് നടത്തിയ അന്വേഷണത്തില്‍ലാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി കമ്പളക്കാട്ടുനിന്നും കഞ്ചാവ് എത്തിക്കുന്ന ക്യാരിയര്‍മാരെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ആവശ്യക്കാരാണെന്ന വ്യാജേന കഴിഞ്ഞ രണ്ടാഴ്ചയായി ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപക്ക് 10 കിലോ കഞ്ചാവ് എത്തിക്കാമെന്നായിരുന്നു ധാരണ. അടിമാലിയില്‍നിന്നും ഇവര്‍ കയറിയ ബസ്സില്‍ സ്വാമിമാരുടെ വേഷത്തില്‍ പോലീസും കയറിയിരുന്നു. അങ്ങനെയാണ് വൈറ്റില ഹബ്ബില്‍നിന്നും ഇവരെ പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ കൊമ്പൊടിഞ്ഞാല്‍ സ്വദേശികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവര്‍ ഉടന്‍തന്നെ പിടിയിലാകും. തൃക്കാക്കര എസി ബിജോ അലക്‌സാണ്ടറിന്റെ നിര്‍ദ്ദേശാനുസരണം സൗത്ത് സിഐ സിബിടോം, മരട് എസ്‌ഐ പി.ആര്‍. സന്തോഷ്, എസ്‌ഐ പി.ആര്‍. രവീന്ദ്രനാഥ്, സീനിയര്‍ സിപിഒമാരായ വിനോദ്കൃഷ്ണ, ജിന്‍ഷോ കുര്യന്‍, ഗിരീഷ്ബാബു, സന്തോഷ് സി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. മൂന്നുമാസം മുമ്പ് കായംകുളത്തുനിന്നും 5 കിലോ കഞ്ചാവ് എത്തിച്ച സജീര്‍ എന്നയാളെ മരടില്‍നിന്നും പോലീസ് പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.