ഭാരതത്തില്‍ അസഹിഷ്ണുതയില്ലെന്ന് പ്രശസ്ത പാകിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സാമി

Sunday 13 December 2015 11:29 am IST

ന്യൂദല്‍ഹി: ഭാരതത്തില്‍ അസഹിഷ്ണുതയില്ലെന്ന് പ്രശസ്ത പാകിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സാമി. ഇവിടെ അസഹിഷ്ണുതയുണ്ടെങ്കില്‍ താന്‍ ഭാരത പൗരത്വത്തിനായി ആവശ്യപ്പെടുമോ എന്നും സാമി ചോദിച്ചു. തന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളേക്കാള്‍ ശക്തി പ്രവര്‍ത്തിക്കാണെന്ന് താന്‍ കരുതുന്നതായും സാമി പറഞ്ഞു. പാകിസ്താന്‍ ഗായകന്‍ ഗുലാം അലിക്ക് ഇന്ത്യയില്‍ പാടാന്‍ അവസരം നിഷേധിച്ചതിനെക്കുറിച്ചും സമി പ്രതികരിച്ചു. ഗുലാം അലി തീര്‍ച്ചയായും ഇന്ത്യയില്‍ പാടണമായിരുന്നു. എല്ലാവരും തങ്ങളുടെ പ്രകടനം നടത്തേണ്ടതുണ്ട്. സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ട് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ പാടുന്ന ആളുടെ ജാതിയോ രാജ്യമോ നോക്കരുതെന്നും സമി പറഞ്ഞു. 2001 മുതല്‍ ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ സാമി ഇന്ത്യന്‍ പൌരത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു. കലയില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് ഇന്ത്യന്‍ പൌരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. സാമി ഇതിനായി നിരവധി തവണ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മേയിലാണ് സാമിയുടെ പാക് പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നത്. എന്നാല്‍ ഇത് പുതുക്കാന്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല. സംഗീത ആല്‍ബങ്ങളിലൂടെ രംഗത്ത് എത്തിയ അദ്‌നാന്‍ സാമിയ്ക്ക് ഭാരതത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്. ഭാരതത്തെ ജന്മനാടായി അംഗീകരിച്ച വിവരം സാമി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.