മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

Sunday 13 December 2015 2:39 pm IST

കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനെത്തുടര്‍ന്ന്, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയാണ്. ജലനിരപ്പ് 141.8 ആയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി കള്ക്ടര്‍ അറിയിച്ചു. വൈഗ ഉള്‍പ്പെടെയുളള ഡാമുകളില്‍ 90 ശതമാനവും ജലം സംഭരിച്ചു കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകാന്‍ സാധിക്കില്ല എന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇന്നലെ വൈകിട്ട് 141.5 അടിയായിരുന്ന ജലനിരപ്പാണ് ഇന്ന് രാവിലെ 141.6 ല്‍ എത്തിയത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൂന്ന് ഷട്ടറുകള്‍ അരയടി വീതം മാത്രമേ ഉയര്‍ത്തൂവെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എങ്കിലും പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.രതീശന്‍ അറിയിച്ചു. കനത്തമഴയേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നിരുന്നു. മുന്നറിയിപ്പുകളൊന്നും കൂടാതെ ഷട്ടര്‍ തുറന്നത് തീരദേശത്ത് ചിലയിടങ്ങളില്‍ വെള്ളം പൊങ്ങുന്നതിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് ആറു മണിക്കൂറുകള്‍ക്കു മുന്‍പ് ജാഗ്രതാ നിര്‍ദേശം നല്‍കണം. എന്നാല്‍ ജലനിരപ്പ് പരമാവധി ആകുന്നതിനു കാത്തിരുന്ന തമിഴ്‌നാട് മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് അന്ന് ഷട്ടറുകള്‍ തുറന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.