തങ്ക‌അങ്കി ഘോഷയാത്ര ആരംഭിച്ചു

Friday 23 December 2011 2:46 pm IST

ആറന്‍മുള: ശബരിമല ധര്‍മശാസ്താവിനു മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു രാവിലെ 7.20 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തിയ ശേഷമാണു ഘോഷയാത്ര ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഭക്തര്‍ക്കു തങ്കഅങ്കി ദര്‍ശിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഇരുപത്തിയഞ്ചംഗ സായുധ പോലീസ് തങ്കഅങ്കിയെ അകമ്പടി സേവിക്കുന്നുണ്ട്. മൂന്നു ദിവസങ്ങളില്‍ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ലഭിച്ച ശേഷം 26 ന് ഉച്ചയ്ക്കു ഘോഷയാത്ര പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച്‌ തങ്കഅങ്കി തീര്‍ത്ഥാടകര്‍ക്ക്‌ ദര്‍ശനത്തിനായി വയ്ക്കും. വൈകിട്ട്‌ നാല്‌ മണിയോടെ പേടകത്തില്‍ അടക്കം ചെയ്‌ത്‌ അയ്യപ്പസേവാവസംഘം പ്രവര്‍ത്തകര്‍ ശിരസിലേന്തി ശബരിമലയ്ക്ക്‌ തിരിക്കും. നീലിമല, അപ്പാച്ചിമേട്‌ വഴി ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ച്‌ സോപാനത്തേക്ക്‌ ആനയിക്കും. പതിനെട്ടാംപടി കയറി എത്തുന്ന തങ്ക അങ്കി നേരേ ശ്രീകോവിലില്‍ കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 27 ന് മണ്ഡലപൂജയ്ക്കായും തങ്കഅങ്കി വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്നു ദീപാരാധന. ഉച്ചയ്ക്ക്‌ ഒന്നിനും ഒന്നരയ്ക്കും ഇടയ്ക്കുള്ള മേടംരാശി മുഹൂര്‍ത്തത്തിലാണ്‌ മണ്ഡലപൂജ. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ 1973 ല്‍ ഭഗവാനു സമര്‍പ്പിച്ച 420 പവന്‍ തൂക്കം വരുന്ന തങ്കഅങ്കി ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിലാണു സൂക്ഷിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.