ആക്രികള്‍ നിറഞ്ഞു; ആശുപത്രി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി

Sunday 13 December 2015 8:28 pm IST

ആലപ്പുഴ: കൊതുക് നിര്‍മ്മാര്‍ജനത്തിന് ഫണ്ടുകള്‍ വാരിക്കോരി ചെലവഴിക്കുകയും വീടുകളുടെ പരിസരങ്ങള്‍ മാലിന്യമുക്തമാക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വക ആതുരാലയം കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് പ്രമുഖ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാകത്തക്ക വിധത്തില്‍ അധ:പതിപ്പിച്ചത്. ആശുപത്രി കോംപൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ കട്ടിലുകളും മറ്റും വെള്ളംകെട്ടികിടക്കാന്‍ കാരണമായതാണ് പ്രശ്‌നമായത്. നിരവധി വര്‍ഷങ്ങളായി ഉപയോഗശാന്യമായ കട്ടിലുകളും സ്‌ട്രെക്ച്ചറുകളും വീല്‍ചെയറുകളും ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപം കുന്നുകൂടി കിടക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പാഴായ കട്ടിലുകളും മറ്റും ഇതില്‍ ഉണ്ടെന്നതാണ് ദുരവസ്ഥ. അഞ്ചുവര്‍ഷത്തിലേറെയായി ഇത്തരത്തില്‍ ആശുപത്രി പരിസരം ആക്രിസാധനങ്ങളുടെ സംഭരണശാലയായി മാറിയിട്ട്. ഇവ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ നിയമമനുസരിച്ചാണെങ്കില്‍ പോലും ആശിപത്രിയെ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കേണ്ടതാണ്. ഓരോ ദിവസവും ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. 13, 14, 15, 16, 17 എന്നീ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ ഇതു മൂലം കടുത്ത ദുരിതമനുഭവിക്കുന്നു. ഈ ബ്ലോക്കുകളുടെ സമീപം മാലിന്യകൂമ്പാരം കൂട്ടിയിട്ടു കത്തിക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ സമീപത്തെ മുറിക്കുള്ളില്‍ ചാക്കുകെട്ടുകളിലായി ചോരപുരണ്ട പഞ്ഞി, സൂചി, സിറിഞ്ച് എന്നിവയും, പ്രസവ വാര്‍ഡില്‍ നിന്നും ലേബര്‍ റൂമില്‍നിന്നുള്ള അവശിഷ്ടങ്ങളും കുന്നുകൂട്ടിയിടുന്നതും രോഗികളെ വലയ്ക്കുന്നു. മൂന്നുവര്‍ഷം മുന്‍പ് ലക്ഷങ്ങള്‍മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിച്ച് മാലിന്യം സംസ്‌കരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പല വാര്‍ഡുകളിലേയും കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നതും പതിവാണ്. ചില വാര്‍ഡുകളിലെ കക്കൂസുകള്‍, കുളിമുറികള്‍, ഇവയുടെ വാതിലുകള്‍ അടര്‍ന്നു വേര്‍പ്പെട്ടു കിടക്കുന്നതിനെ തുടര്‍ന്ന് രോഗികള്‍ വാതിലുകള്‍ അകത്തു നിന്നും കൈകൊണ്ടു തള്ളി പിടിച്ചു വേണം ദിനചര്യകള്‍ നടത്താന്‍. എന്നാല്‍ നിസാര വിലയുള്ള വിജാഗിരികളോ, കുറ്റിയോ, കൊളുത്തോ ഘടിപ്പിച്ച് ശോചനീയാവസ്ഥ മാറ്റാന്‍ പോലും അധികാരികള്‍ക്ക് കഴിയുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.