ഇന്ന് നാരായണീയ ദിനം

Sunday 13 December 2015 8:33 pm IST

കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ഞായറാഴ്ച ചോതി നക്ഷത്രവും കൃഷ്ണപക്ഷദ്വാദശിയും ചേര്‍ന്ന ദിവസമാണ് മേല്‍പുത്തൂര്‍ നാരായണഭട്ടതിരി ശ്രീമദ്ഭാഗവതത്തെ അവലംബിച്ച് ആയിരത്തിലധികം ശ്ലോകങ്ങള്‍ നൂറു ദശകങ്ങളിലായി സംഗ്രഹിച്ച് ശ്രീഗുരുവായൂരപ്പനെ സംബോധന ചെയ്യുന്ന രീതിയില്‍ എഴുതി ഭഗവാനെ ചൊല്ലിക്കേള്‍പ്പിച്ചതാണ് നാരായണീയം. തന്റെ വാതരോഗ ശാന്തിക്കായി മീന്‍ തൊട്ടുകൂട്ടുകയാണ് വേണ്ടതെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ വിധിച്ചുവെന്നും അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയ മേല്‍പുത്തൂര്‍ ഭട്ടതിരി മത്സ്യാവതാരം മുതലുളള ദശാവതാരകഥകള്‍ എഴുതിയതാണ് നാരായണീയം. വാതരോഗത്താല്‍ അത്യധികം വേദന അനുഭവിച്ചിരുന്ന അവസരത്തിലും നാരായണീയ കര്‍ത്താവ് ആദ്യ ശ്ലോകം തുടങ്ങുന്നത് സാന്ദ്രാനന്ദാവബോധാത്മകം'' എന്ന പദത്തോടു കൂടിയാണ് എന്നത് ഈ സ്‌തോത്രത്തിന്റെ ഒരു പ്രത്യേകതയാണ്. സാന്ദ്രാനന്ദാത്മകമായ ഭഗവത് സ്വരൂപത്തില്‍ നിന്ന് ഉത്ഭവിച്ചു നമ്മിലേക്കൊഴുകുന്ന ആ ആനന്ദം അവസാന ശ്ലോകത്തിലെ അവസാന പദമായ ആയുരാരോഗ്യസൗഖ്യം'' എന്ന അവസ്ഥയില്‍ നമ്മെ എത്തിക്കുന്നുവെന്നതാണ് ഈ സ്‌തോത്രത്തിന്റെ മഹത്വം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളങ്ങുന്ന സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയാണ് ശ്രീഗുരുവായൂരപ്പന്‍ എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടാണല്ലൊ ഒന്നാം ദശകംതന്നെ ആരംഭിക്കുന്നത്. ഭാഗവതത്തില്‍ പറഞ്ഞിട്ടുളള ദശാവതാരങ്ങളില്‍ കല്‍ക്കിയൊഴികെയുളള ഒന്‍പതവതാരങ്ങളും കപിലന്‍, നരനാരായണന്മാര്‍, ഋഷഭന്‍, ധന്വന്തരി, മോഹിനി, ദത്താത്രേയന്‍, വൃകാസുരന്‍ എന്നീ അവതാരങ്ങളും നാരായണീയത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം ഇതില്‍ കാണിച്ചിട്ടേയില്ല..സാക്ഷാല്‍ ബ്രഹ്മമായ, ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ഗുരുവായൂരപ്പനായി മുന്നില്‍ ദര്‍ശിച്ചതു കൊണ്ടാകാം ഭഗവാന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതായി മേല്‍പുത്തൂര്‍ ഭട്ടതിരി എഴുതാഞ്ഞത് എന്നതാണ് സത്യമെന്ന് നമുക്ക് വിശ്വസിക്കാം. നാരായണീയം നിത്യവും ഓരോ ദശകമായി പാരായണം ചെയ്യുന്നത് മനസ്സിന് സമാധാനവും സന്തോഷവും നല്കുമെന്നു മാത്രമല്ല, ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹവും ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.