ഗതാഗത നിയമങ്ങള്‍ ആര്‍ടിഒമാര്‍ അട്ടിമറിക്കുന്നു: ഗഡ്കരി

Sunday 13 December 2015 9:58 pm IST

ന്യൂദല്‍ഹി: രാജ്യത്തെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍(ആര്‍ടിഒ) ചമ്പല്‍ കൊള്ളക്കാരേക്കാള്‍ ഭീകരരാണെന്ന വിമര്‍ശനവുമായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ റോഡ്‌സുരക്ഷാ നിയമത്തിനെതിരെ സംസ്ഥാന ഗതാഗതമന്ത്രിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആര്‍ടിഒമാരാണെന്നും ഗഡ്കരി ആരോപിച്ചു. അഴിമതിനടക്കുന്ന കടകള്‍ അടയ്ക്കണമെന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ആര്‍ടിഒമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഗതാഗതമന്ത്രി ഗതാഗതമേഖലയിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നിലപാടു തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ആര്‍ടിഒമാര്‍ക്ക് വേണ്ട. അവര്‍ക്ക് അഴിമതി തടയുന്ന നിയമം നടപ്പാക്കേണ്ട. രാജ്യത്ത് ഒരാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക എന്നത് നിസാരമായ കാര്യമാണ്. ഭാരതത്തിലെ 30 ശതമാനം ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജമാണ്. ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗതാഗതമേഖലയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും സുതാര്യത ഉറപ്പാക്കുന്നതുമാണ് പുതിയ ഗതാഗത നിയമം. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആര്‍ടിഒമാര്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ എട്ടു മാസമായി സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭായോഗത്തില്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. പുതിയ ബില്‍ നടപ്പാകുന്നതോടെ ഗതാഗതമേഖലയിലെ അഴിമതി വലിയ അളവില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ ഗതാഗത മേഖലയിലെ സമ്പൂര്‍ണ്ണ മാറ്റണാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നെതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.