ശബരിമലയില്‍ കേന്ദ്രദ്രുതകര്‍മ്മ സേനയുടെ സുരക്ഷാ പദ്ധതി

Monday 14 December 2015 2:09 am IST

ശബരിമല: കോടിക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്താനെത്തുന്ന ശബരിമലയില്‍ അടിയന്തര ഘട്ടങ്ങളില്‍ നേരിടാന്‍ കേന്ദ്രദ്രുത കര്‍മ്മ സേനയുടെ പ്രത്യേക സുരക്ഷാ പദ്ധതി ശബരിമലയെ ഏഴു മേഖലകളാക്കി തിരിച്ചാണ് സുരക്ഷ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. തിക്കും തിരക്കും മൂലം ഉണ്ടാകുന്ന അപകടം, തീപിടുത്തം, ബോംബ് സ്‌ഫോടനം നടന്നാല്‍ ഉണ്ടായേക്കാവുന്ന അഗ്നിബാധ, ആയുധം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെ നാലുരീതിയിലുള്ള അപകട സാധ്യതകള്‍ നേരിടാനാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ദ്രുത കര്‍മ്മ സേന, ദുരന്തനിവാരണ സേന, പോലീസ്, അഗ്നിശമനസേന, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കേണ്ടത്. ഏഴുമേഖലകള്‍ തിരിച്ചിരിക്കുന്നത് ഇങ്ങനെ; ഒന്നാം മേഖല: അഗ്നിശമനസേനാ ഓഫീസുമുതല്‍ ആഴിവരെയും അരവണ അപ്പം വിതരണ കൗണ്ടര്‍, പതിനെട്ടാം പടിക്ക് ഇടതുവശം വരെ. രണ്ടാം മേഖല: പതിനെട്ടാംപടിക്ക് വലതുവശത്തുള്ള ഭാഗങ്ങള്‍, വടക്കേ ബാരിക്കേഡിനും ദേവസ്വം പൂജാ കൗണ്ടറിനും ഇടയ്ക്കുള്ള ഭാഗങ്ങള്‍. മൂന്നാം മേഖല: വടക്കേനട, ബാരിക്കേഡുകള്‍, മാളികപ്പുറം ഫ്‌ളൈ ഓവറിനു താഴെയുള്ള ഭാഗങ്ങള്‍. നാലാം മേഖല: ഭസ്മക്കുളം മുതല്‍ അരവണ-അപ്പം പ്ലാന്റ് വരെ. അഞ്ചാം മേഖല:  തിരുമുറ്റം, സോപാനം. ആറാം മേഖല: മാളികപ്പുറം ക്ഷേത്രം. ഏഴാം മേഖല: നടപ്പന്തല്‍ എന്നിങ്ങനെ തിരിച്ചാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നിയോഗിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍, അഗ്നിശമന ഉദ്യോഗസ്ഥര്‍, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചെയ്യേണ്ട കാര്യങ്ങളും കര്‍മ്മ പദ്ധതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പഴുതടച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയില്‍ വേണ്ടത്. ഇപ്പോഴുള്ള സുരക്ഷ സംവിധാനങ്ങള്‍ ശക്തമല്ല. ഇതിന്റെ സൂചനയാണ് പോലീസ് വേഷത്തില്‍ എത്തിയ യുവാവ് അതീവ സുരക്ഷാ മേഖലയായ സോപാനത്തിന് സമീപം തിരക്ക് നിയന്ത്രിച്ചത്. പോലീസ് വേഷം ധരിച്ചെത്തിയതിനാല്‍ ഒരു സ്ഥലത്തും ഇയാള്‍ പരിശോധനയ്ക്ക് വിധേയനായില്ല. ഇത്തരത്തില്‍ വ്യാജന്മാര്‍ കടന്ന കയറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ കുറിച്ച് വ്യക്തമായ രൂപരേഖ ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മാത്രമാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കുന്നത്. അതിനു ശേഷം എത്തുന്നവരെ പരിശോധിക്കാന്‍ കൃത്യമായ നടപടികളില്ല. കാനനക്ഷേത്രമായ ശബരിമലയുടെ പ്രത്യേകത മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള സുരക്ഷ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കണമെന്ന് ആവശ്യ ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.