യൂറോ 2016: കിക്കോഫ് ജൂണ്‍ പത്തിന്

Sunday 13 December 2015 11:43 pm IST

പാരീസ്: ഫ്രാന്‍സ് ആതിഥേയത്വം വഹിക്കുന്ന 2016 യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. 10ന് സെന്റ് ഡെനീസില്‍ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സും അല്‍ബേനിയയും തമ്മിലുള്ള പോരാട്ടത്തോടെ യൂറോപ്യന്‍ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള മത്സരങ്ങള്‍ക്ക് തുടക്കമാകും. ജൂലൈ പത്തിന് സെന്റ് ഡെനീസില്‍ തന്നെ ഫൈനല്‍. ഗ്രൂപ്പ് ഡിയിലുള്ള നിലവിലെ ജേതാക്കള്‍ സ്‌പെയ്‌നിന് 13ന് ചെക്ക് റിപ്പബ്ലിക്ക് ആദ്യ എതിരാളികള്‍. പാരീസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് ഫ്രാന്‍സില്‍നിന്ന് മാറ്റുമെന്ന് സൂചനകളുയര്‍ന്നുവെങ്കിലും, ഭീകരതയ്‌ക്കെതിരായ ഐക്യദാര്‍ഢ്യമായി വേദി മാറ്റേണ്ടെന്ന് യുവേഫ തീരുമാനിക്കുകയായിരുന്നു. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് യൂറോ കപ്പിനായി പോരാടുന്നത്. ബെല്‍ജിയം, ഇറ്റലി, അയര്‍ലന്‍ഡ് റിപ്പബ്ലിക്ക്, സ്വീഡന്‍ അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് മരണ ഗ്രൂപ്പ്. ഇംഗ്ലണ്ടും റഷ്യയും ഗ്രൂപ്പ് ബിയില്‍. ഇംഗ്ലണ്ട്-വെയ്ല്‍സ് പോരാട്ടമാണ് ഈ ഗ്രൂപ്പിനെ ശ്രദ്ധേയമാക്കുക. ജര്‍മനി, പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ് ഗ്രൂപ്പ് സിയില്‍. പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഹംഗറി ടീമുകള്‍ ഗ്രൂപ്പ് എഫില്‍. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറില്‍ കളിക്കുന്ന രീതിയിലാണ് മത്സരക്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.