അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍: എ.കെ. ആന്റണി

Monday 14 December 2015 2:30 am IST

തിരുവനന്തപുരം: കേരളത്തില്‍ അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നാണെന്ന് എ.കെ. ആന്റണി. ഒന്നാം ക്ലാസില്‍ പഠിക്കാന്‍ ചേരുന്ന വിദ്യാര്‍ഥിയും പഠിപ്പിക്കാന്‍ ഉദ്യോഗം നേടുന്ന അധ്യാപകനും ഇന്ന് ഭീമമായ കോഴപ്പണം നല്‍കുകയാണ്. സംഭാവന എന്ന പേരിലുള്ള ഈ ക്യാപ്പിറ്റേഷന്‍ ഫീസ് വളരെ ഭയാനകരമായിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് ഈ അഴിമതി നടത്തുന്നത്. താനും ഇന്ന് കോണ്‍ഗ്രസിലുള്ള ഒട്ടുമിക്ക നേതാക്കളും ക്യാപ്പിറ്റേഷന്‍ ഫീസിനെതിരെ ശക്തമായ സമരം നടത്തിയവരാണ്. പക്ഷേ ഇന്ന് സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. പഠിക്കാനും പഠിപ്പിക്കാനും കോഴ നല്‍കുന്ന വിദ്യാര്‍ഥിക്കും അധ്യാപകനും കോഴപ്പണം വാങ്ങുന്നതില്‍ വൈമനസ്യമുണ്ടാകില്ല. വിദ്യാഭ്യാസമേഖലയില്‍ കോഴ കൊടുത്താലേ പറ്റൂ എന്ന അതിക്രമത്തിനെതിരെ മുഖം തിരിക്കുന്നത് കടുത്ത അനീതിയാണ്. ഈ നിര്‍ബന്ധിതപിരിവിന് അവസാനമുണ്ടാക്കിയാല്‍ മാത്രമേ കേരളത്തിലെ അഴിമതിയും അവസാനിപ്പിക്കാന്‍ കഴിയൂ എന്നും ആന്റണി പറഞ്ഞു. ക്യാപ്പിറ്റേഷന്‍ ഫീസിനെതിരെ തന്നോടൊപ്പം സമരം ചെയ്ത നേതാവായിരുന്നു ജി. കാര്‍ത്തികേയന്‍. പ്രത്യാഘാതങ്ങള്‍ പ്രശ്‌നമാക്കാതെ നിര്‍ഭയമായി അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഏറെ പ്രത്യേകതകളുള്ള ജി. കാര്‍ത്തികേയന്‍ സ്പീക്കറായും ശോഭിച്ചെന്ന് ആന്റണി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍, കെപിസിസി വൈസ് പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ്, ജോണ്‍ മുണ്ടക്കയം, വെച്ചൂച്ചിറ മധു, കെ.എസ്. ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മണക്കാട് സുരേഷ് സ്വാഗതവും ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.