ഛായയും സൂര്യനും

Monday 14 December 2015 7:31 pm IST

സൂര്യദേവന്റെ ഭാര്യയാണ് ഛായ. യഥാര്‍ത്ഥത്തില്‍ സംജ്ഞയാണ് സൂര്യന്റെ യഥാര്‍ത്ഥ ഭാര്യ. യമനും, യമുനയും ഇവരുടെ മക്കളാണ്. സൂര്യഭഗവാന്റെ ശക്തിയായ തേജസ്സും, അതിയായ ചൂടും സംജ്ഞയ്ക്ക് താങ്ങുവാനായിരുന്നില്ല. അതില്‍ നിന്നെല്ലാം കുറച്ചുകാലം മോചനം നേടുവാനായി വീട്ടില്‍ പോയിനില്‍ക്കാം എന്നു തീരുമാനിച്ചു. സൂര്യനെ അറിയിക്കാതെയാണ് ഈയാത്ര. സംശയം തോന്നാതിരിയ്ക്കാന്‍ തന്റെ ഛായയ്ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയശേഷം അവളെ പകരം നിര്‍ത്തിയിട്ടാണ് യാത്രയാരംഭിച്ചത്. വീട്ടലെത്തി കുറച്ചുനാള്‍ പിന്നിട്ടിട്ടും സംജ്ഞ സൂര്യന്റെ സമീപത്തേയ്ക്ക് പോകുവാനുള്ള മട്ടില്ല. അച്ഛനായ വിശ്വകര്‍മ്മാവിന് അവളുടെ തന്റേടം ഒട്ടുംഇഷ്ടമായില്ല. സൂര്യസമീപത്തേയ്ക്ക് നിര്‍ബ്ബന്ധിച്ച് പറഞ്ഞയച്ചു. അവള്‍ ഒരു കുതിരയുടെ രൂപമെടുത്ത് ഉത്തരദേശത്ത് തങ്ങിയതല്ലാതെ സൂര്യസവിധത്തില്‍ പോയതേയില്ല. ഇതിനിടയില്‍ ഛായയ്ക്ക് സൂര്യനില്‍നിന്ന് രണ്ട്കുട്ടികള്‍ പിറന്നു. സ്വാംയംഭുവും, ശനിയും. എന്നാല്‍ യമനേയും യമുനയേയും അവള്‍ അത്ര പരിചരിയ്ക്കുന്നില്ല. അപ്പോഴാണ് ഛായയോട് എല്ലാം സൂര്യദേവന്‍ ചോദിച്ചറിയുന്നത്. ഉടനെ സൂര്യന്‍ വിശ്വകര്‍മ്മാവിന്റെ അടുത്തെത്തി. സംജ്ഞ അങ്ങയുടെ അടുത്തേയ്ക്ക് പോയിട്ട് കുറെയേറെ നാളായല്ലോ? എന്നു പറഞ്ഞു. സൂര്യന്‍ താമസിയാതെ ഉത്തരദേശത്ത് കുതിരയായിച്ചെന്ന് സംജ്ഞയെ തിരിച്ചുകൊണ്ടുവന്നു. അക്കാലത്താണ് അശ്വനീദേവന്മാര്‍ സൂര്യനും സംജ്ഞയ്ക്കും പിറന്നത്. തന്റെ തേജസ്സ് കുറയ്ക്കാമെന്നേറ്റിട്ടാണ് സൂര്യന്‍ സംജ്ഞയെവീണ്ടും ചേര്‍ത്തത്. വിശ്വകര്‍മ്മാവ് തന്റെ ചാണക്കല്ലിലിട്ട് രാവിയെടുത്താണ് സൂര്യന്റെ ചൂട് കുറച്ചതെന്നും പറയപ്പെടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.